സമൂഹ ഉന്നമനത്തിനായി പിന്തുണയേകുക തന്റെ ഉത്തരവാദിത്തങ്ങളിലൊന്നായി കരുതുന്ന ആളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.
ഇന്ത്യയിലായാലും വിദേശത്തായാലും കോഹ്ലി അത് നിറവേറ്റും. സിഡ്നി ടെസ്റ്റിനിടയിലും കോഹ്ലി അത്തരമൊരു പ്രവൃത്തി ചെയ്തു. പിങ്ക് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന സിഡ്നി ടെസ്റ്റിൽ കോഹ്ലി ബാറ്റിംഗിനായി ക്രീസിലെത്തിയത് പിങ്ക് നിറവുമായി. ബാറ്റിന്റെ പിടിയും സ്റ്റിക്കറും ഗ്ലൗ, പാഡ്, ഷൂ എന്നിവയിൽ പിങ്ക് സ്റ്റിക്കറുകളുമായാണ് കോഹ്ലി എത്തിയത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പുതുവർഷം നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ പിങ്ക് ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. അർബുദ ബാധിതയായി മരിച്ച ഓസീസ് മുൻ താരമായ ഗ്ലെൻ മഗ്രാത്തിന്റെ ഭാര്യ ജെയിൻ മഗ്രാത്തിനോടുള്ള ആദരസൂചകമായും സ്തനാർബുദ ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്ലെൻ മഗ്രാത്ത് ഫൗണ്ടേഷനുള്ള സഹായവുമായാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്. ഈ മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്തനാർബുദ രോഗബാധിതരെ സഹായിക്കുന്ന മഗ്രാത്ത് ഫൗണ്ടേഷനിലേക്ക് നൽകും.
2005 ൽ ജെയിൻ മഗ്രാത്താണ്, മഗ്രാത്ത് ഫൗണ്ടേഷൻ ആരംഭിച്ചത്. മൂന്നു വർഷങ്ങൾക്കുശേഷം 42-ാം വയസിൽ കാൻസർ ബാധിതയായ ജെയിൻ മരിച്ചു. 2009 ൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പിങ്ക് ടെസ്റ്റ് മത്സരം നടന്നത്. നിലവിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരം, പിങ്ക് ടെസ്റ്റിന്റെ പതിനൊന്നാം എഡിഷനാണ്.
മത്സരത്തിനു മുന്പ് മഗ്രാത്ത് ഓസീസ് താരങ്ങൾക്ക് പിങ്ക് തൊപ്പി നല്കി. പിങ്ക് ധരിക്കൂ കൈയയച്ച് സഹായിക്കൂ എന്നാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ വെബ്സൈറ്റിന്റെ ആപ്തവാക്യം.