മുംബൈ: രോഹിത് ശര്‍മയുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. തങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതി വിടുകയാണെന്നും അതില്‍ നിറയെ നുണകളാണെന്നും കോഹ് ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനു പോകുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് കോഹ്ലി പറഞ്ഞത്.
ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായതോടെയാണ് കോഹ്ലിയും രോഹിതും പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ ക്യാപ്റ്റന്‍സിയില്‍ മാറ്റമുണ്ടാകുമെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ.
ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നത് തന്നെ അമ്പരിപ്പിക്കുകയാണെന്നും വിഡ്ഢിത്തവും നുണകളുമാണ് ഇത്തരം വാര്‍ത്തകള്‍ പരത്തുകയാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ടീമില്‍ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നാണ് പരിശീലകന് രവി ശാസ്ത്രി പറഞ്ഞത്.
ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമില്ലെങ്കില്‍ അത് മുഖത്ത് പ്രകടമാകും. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഒത്തിരികാര്യങ്ങള്‍ കേട്ടു. ടീമിലെ അന്തരീക്ഷം മോശമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കാനാകുമായിരുന്നില്ലല്ല-ോ കോഹ്ലി പറഞ്ഞു.
രവി ശാസ്ത്രി പരിശീലകനായി തുടര്‍ന്നാല്‍ സന്തോഷമുണ്ടെന്നും കോഹ്ലി പറഞ്ഞു. ലോകകപ്പോടെ കാലാവധി പൂര്‍ത്തിയായ ശാസ്ത്രിക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി 45 ദിവസം അധികമായി അനുവദിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മൂന്നിന് വിന്‍ഡീസ് പര്യടനം പൂര്‍ത്തിയാകും.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നു ട്വന്റി 20 മത്സരങ്ങളും ആദ്യ ഏകദിനവും യുഎസിലാണ് നടക്കുന്നത്. ഓഗസ്റ്റ് മൂന്നിന് പര്യടനത്തിന് തുടക്കമാകും.