മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി ഒരൊറ്റ ബ്രാൻഡുമായി 100 കോടി കരാറിൽ ഒപ്പിടുന്ന ആദ്യ കായിക താരമെന്ന ബഹുമതി സ്വന്തമാക്കി. സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായി 110 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടതോടെയാണ് അപൂർവ നേട്ടത്തിൽ എത്തിയത്. നേരത്തെ, സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി തുടങ്ങിയ താരങ്ങൾ ഒന്നിലധികം ബ്രാൻഡുകളുമായി കരാറിൽ ഒപ്പിട്ട് 100 കോടി ക്ലബിൽ എത്തിയിട്ടുണ്ട്.
പ്യൂമയുടെ ഗ്ലോബൽ അംബാസിഡറായാണ് കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടുവർഷത്തെ ദീർഘകാല കരാറാണ് 28 വയസുകാരനായ ഇന്ത്യൻ നായകൻ ഒപ്പിട്ടിരിക്കുന്നത്. പ്രതിവർഷം 12 മുതൽ 14 കോടി രൂപവരെയാണ് കോഹ്ലിക്ക് ലഭിക്കുന്നത്.
ജമൈക്കൻ സ്പ്രിന്റേഴ്സായ ഉസൈൻ ബോൾട്ട്, അസഫ പവൽ, ഫുട്ബോൾ താരങ്ങളായ തിയറി ഹെൻറി, ഒളിവർ ജിറോദ് എന്നിവരാണ് ബ്രാൻഡിന്റെ മറ്റു ഗ്ലോബൽ അംബാസിഡർമാർ.