ദുബായ്: കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ചുറി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തിച്ചു. 119 പന്തില്‍നിന്ന് 104 റണ്‍സാണ് കോഹ് ലി അടിച്ചെടുത്തത്. ഇത് ഇന്ത്യന്‍ നായകന്റെ 50-ാമത്തെ അന്താരാഷ് ട്ര സെഞ്ചുറിയായിരുന്നു. കോഹ്ലിയുടെ ഏകാംഗ പോരാട്ടമാണ് ഇന്ത്യയെ എട്ടു വിക്കറ്റിന് 352 റണ്‍സ് എന്ന നിലയിലെത്തിച്ചത്. ഇതോടെ ശ്രീലങ്കയ്ക്കു 231 റണ്‍സിന് വിജയലക്ഷ്യവും കുറിച്ചു.
ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ പിന്തള്ളിയാണ് കോഹ്ലി അഞ്ചാം സ്ഥാനത്തേക്കുകയറിയത്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യന്‍ നായകനാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. രണ്ടാമത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്, ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
നാഗ്പുരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു ശേഷം കോഹ്ലി സ്വകാര്യ കാരണങ്ങളെത്തുടര്‍ന്ന് ക്രിക്കറ്റില്‍നിന്ന് ഒരു മാസത്തെ വിശ്രമം എടുക്കുകയാണ്. വ്യാഴാഴ്ച ആഷസ് പരമ്പരയ്ക്കു തുടക്കമാകും. അഞ്ചു ടെസ്റ്റ് നീണ്ട പരമ്പരയില്‍ വാര്‍ണര്‍ കോഹ്ലിയെ മറികടക്കാന്‍ സാധ്യതയുണ്ട്.
ഈഡന് ഗാര്‍ഡന്‍സില്‍ രണ്ട് ഇന്നിംഗ്സിലുമായി വെറും രണ്ട് ഓവര്‍ മാത്രമെറിഞ്ഞ രവീന്ദ്ര ജഡേജയ്ക്കു പുതിയ പട്ടിക വന്നപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. 20 റേറ്റിംഗ് പോയിന്റുകളാണ് ജഡേജയ്ക്കു നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരം കൂടിയുള്ളതിനാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കു റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സാധ്യതകളുണ്ട്.
കോല്‍ക്കത്തയില്‍ എട്ടു വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ഭുവനേശ്വര്‍ കുമാര്‍ എട്ടു പോയിന്റ് ഉയര്‍ന്ന് കരിയറിലെ മികച്ച റാങ്കിംഗായ 29-ാം സ്ഥാനത്തെത്തി. ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി ഒരു സ്ഥാനം മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തി.
50 കടന്ന് കോഹ്ലി
നാല്പത്തൊമ്പത് അന്താരാഷ്ട്ര സെഞ്ചുറിയും കൈയിലൊതുക്കി ലങ്കയോട് ഏറ്റുമുട്ടാനിറങ്ങിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയോട് 50 തികയ്ക്കേണ്ടതിന്റെ സമ്മര്‍ദത്തിലാണോ എന്നു ചോദിച്ചപ്പോള്‍ തോള് വെട്ടിച്ച് നിഷേധിച്ചു. വ്യക്തിഗത നേട്ടങ്ങള്‍ മനസില്‍ വച്ചല്ല, ടീമിന്റെ വിജയം മുന്നിൽക്കണ്ടാണ് താന്‍ കളിക്കുന്നത് എന്നു മറുപടിയും നല്കി. ഇതുതന്നെയാണ് തന്റെ കളിശൈലിയിലൂടെ താരം ടീമിനു പകരുന്ന കായിക തിയറിയും. ഈ തിയറിയുടെ വിജയമാണ് ഈഡന് ഗാര്‍ഡന്‍സില്‍ കോഹ്ലിയുടെ അമ്പതാം സെഞ്ചുറി നേട്ടമായി താരം കാണിച്ചു തന്നത്.
97 റണ്‍സ് എടുത്തു നില്ക്കുമ്പോള് പരിശീലകന് രവി ശാസ്ത്രിയോട് ആംഗ്യഭാഷയില്‍, ഡിക്ലയര്‍ ചെയ്യാന്‍ അനുവാദം ചോദിച്ചത് ടീമിനു ജയിക്കാനുള്ളത് താന്‍ ചെയ്തു എന്ന ഉറപ്പിന്മേലാണ്. അമ്പതാം അന്താരാഷ്ട്ര സെഞ്ചുറി എന്ന അസുലഭനേട്ടത്തിന്റെ വക്കില്‍ നിന്നുള്ള ആ ചോദ്യം ഒരു നായകനു വേണ്ട ഉത്തമഗുണം വ്യക്തമാക്കുന്നതാണ്. പരിശീലകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരോവര്‍ കൂടി കളിതുടര്‍ന്ന് ഒരു ക്രിക്കറ്റ് താരത്തിന്റെ സ്വപ്നനേട്ടം സ്വന്തമാക്കുകയാണ് കോഹ്ലി ചെയ്തത്.
അമ്പതാം അന്താരാഷ്ട്ര സെഞ്ചുറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒമ്പതു വര്‍ഷം മുമ്പ് തന്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയത് ഇതേ കളിക്കളത്തില്‍ ശ്രീലങ്കയ്ക്കെതിരേ ഒരു ഏകദിനത്തിലായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നാലാമനായി നിലകൊള്ളാന്‍ താന്‍ എന്നും ആഗ്രഹിക്കുന്നു. കാരണം, സച്ചിന് എന്ന ഇതിഹാസം ഒഴിഞ്ഞ ഇടത്തിലേക്കാണ് കോഹ്ലി ബാറ്റിംഗിനിറങ്ങുന്നത്. ഒരു സാങ്കല്‍പ്പിക ബാറ്റണ്‍ സച്ചിന് കോഹ്ലിക്കു കൈമാറിയിരിക്കുകയാണ്.