തോൽവിയിലും തലയുയർത്തി കോഹ്‌ലി; റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തന്നെ

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പര ഇന്ത്യ കൈവിട്ടെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിലെ വിരാട് കോഹ്‌ലിയുടെ ഒന്നാം സ്ഥാനത്തിന് ചലനമൊന്നുമില്ല. 937 റേറ്റിംഗ് പോയിന്‍റുമായി കോഹ്ലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ ഇന്ത്യ 3-1 എന്ന നിലയിൽ പരന്പര കൈവിട്ട നിലയിലാണ്. മൂന്ന് ടെസ്റ്റുകളിൽ തോറ്റെങ്കിലും പരന്പരയിൽ 544 റണ്‍സ് നേടി കോഹ്‌ലി റണ്‍വേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ്.

സതാംപ്ടണിൽ ഇന്ത്യ തോറ്റ നാലാം ടെസ്റ്റിലും കോഹ്‌ലി മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 46 റണ്‍സ് നേടിയ നായകൻ രണ്ടാം ഇന്നിംഗ്സിൽ 58 റണ്‍സും നേടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയും നൽകുകയും ചെയ്തിരുന്നു.

സതാംപ്ടണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ചേതേശ്വർ പൂജാര റാങ്കിംഗിൽ ആറാം സ്ഥാനത്തുണ്ട്.

Related posts