ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ടു ടെസ്റ്റുകളിൽ നാമാവശേഷമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മേൽ വാളോങ്ങി ബിസിസിഐ. മുഖ്യ പരിശീലകനായ രവി ശാസ്ത്രിയോടും ക്യാപ്റ്റൻ വിരാട് കോഹ്ലിയോടും ബിസിസിഐ വിശദീകരണം തേടുമെന്നാണ് വിവിരം. ശനിയാഴ്ച നോട്ടിംഗ്ഹാമിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമോ അതിനു മുൻപോ വിശദീകരണം ചോദിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.
മൂന്നാം ടെസ്റ്റിനു ശേഷമാണ് നാലും, അഞ്ചും ടെസ്റ്റുകൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയെന്നതിനാൽ പലർക്കും നോട്ടിംഗ്ഹാം ടെസ്റ്റ് കടുത്ത പരീക്ഷണ വേദിയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ അടുത്ത മത്സര ഫലം വിജയമല്ലാതെ മറ്റെന്തെങ്കിലുമായാൽ അത് കോച്ചിന്റെയും നായകന്റെയും മുന്നോട്ടുള്ള വഴികളിൽ തടസങ്ങളുണ്ടാക്കുമെന്നാണ് സൂചന.
മുന്നൊരുക്കത്തിനു വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ഇനി പരാതിപ്പെടാൻ ടീമിനു കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റപ്പോൾ മത്സര ക്രമത്തിലെ അപാകതയെക്കുറിച്ചും പരിശീലനത്തിനു സമയം ലഭിക്കാത്തതിനെ കുറിച്ചുമായിരുന്നു ടീമംഗങ്ങളുടെ പരാതിയെന്നും ഒരു ബോർഡംഗം പറഞ്ഞതായാണ് വിവരം. എന്നാൽ ഇവിടെ അതിനു സാധ്യതകളില്ലെന്നും ഈ ബോർഡുന്നതൻ വ്യക്തമാക്കിയെന്നാണ് വിവരം.
ടീം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത ബോർഡിന് ഇനി നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും ഈ മുതിർന്ന ബോർഡംഗം അറിയിച്ചെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. അതിനിടെ, സെലക്ടർമാരിൽ ഒരാളെങ്കിലും വിദേശ പര്യടനങ്ങളിൽ ടീം മാനേജ്മെന്റിന്റെ ഭാഗമാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ശാസ്ത്രിക്കും കോഹ്ലിക്കും പുറമേ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ, ഫീൽഡിംഗ് പരിശീലകൻ ആർ.ശ്രീധർ എന്നിവരുടെ നേർക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്.