മെൽബണ്‍: ഒരു കലണ്ടർ വർഷത്തിൽ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് ഇനി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു സ്വന്തം. ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിന്റെ പേരിലുണ്ടായിരുന്ന 16 വർഷം പഴക്കമുള്ള റിക്കാർഡാണ് വിരാട് സ്വന്തമാക്കിയത്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം 82 റണ്‍സ് എടുത്ത് പുറത്തായെങ്കിലും വിരാട് ദ്രാവിഡിനെ മറികടന്നു. 2002ൽ ദ്രാവിഡ് നേടിയ 1137 റണ്‍സ് 1138 ആക്കി വിരാട് റിക്കാർഡ് തിരുത്തി. ഈ വർഷം വിദേശത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ നായകൻ ഇതുവരെ 1138 റണ്‍സ് നേടി. മെൽബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് എന്ന സാധ്യത വിരാടിനു മുന്നിൽ ശേഷിക്കുന്നുമുണ്ട്.
1983 ൽ വിദേശത്ത് 1065 റണ്‍സടിച്ച മൊഹീന്ദർ അമർനാഥും, 1971 ൽ 918 റണ്‍സ് നേടിയ സുനിൽ ഗാവസ്ക്കറുമാണ് ഈ നേട്ടത്തിൽ വിരാടിനും ദ്രാവിഡിനും തൊട്ടു പിന്നിലുള്ളത്.