ബറോഡ: രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യയുടെ ബാറ്റിംഗ്് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലിക്ക് മറികടക്കാനാകുമെന്ന് മുൻ ഇന്ത്യൻതാരം ഇർഫാൻ പത്താൻ.
24 വർഷം നീണ്ട കരിയറിൽ സച്ചിന്റെ പേരിൽ 100 സെഞ്ചുറികളാണുള്ളത്. 12 വർഷത്തിനുള്ളിൽ കോഹ്ലി നേടിയത് 70 സെഞ്ചുറികളും. 71 സെഞ്ചുറികളുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗാണ് ഈ റിക്കാർഡിൽ രണ്ടാം സ്ഥാനത്തുള്ളത്.
’സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ചുറികൾ കോഹ്ലി സ്വന്തമാക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ അദ്ദേഹം അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. പക്ഷേ സമകാലീന ക്രിക്കറ്റിൽ അതിന് കഴിയുന്ന ഒരേയൊരാൾ കോഹ്ലിയാണ്. വിരമിക്കുന്നതിന് മുന്പ് അതു നേടാനുള്ള കരുത്തും കായികക്ഷമതയും കോലിക്കുണ്ട്- പത്താൻ പറഞ്ഞു.
സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പത്താൻ.