സതാംപ്ടണ്: ലോക ക്രിക്കറ്റിൽ മഹാഭൂരിപക്ഷം റിക്കാർഡുകളും സ്വന്തം പേരിൽ കുറിച്ചശേഷമാണ് സച്ചിൻ തെണ്ടുൽക്കർ കളിക്കളത്തോട് വിടപറഞ്ഞത്. എന്നാൽ, സച്ചിന്റെ റിക്കാർഡുകൾ തിരുത്തുകയാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഇപ്പോഴത്തെ പ്രധാന കർത്തവ്യം. സച്ചിനും വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ബ്രയാൻ ലാറയും പങ്കിടുന്ന ഒരു റിക്കാർഡ് കൂടി തകർക്കാൻ തയാറെടുക്കുകയാണ് കോഹ്ലി.
വേഗത്തിൽ 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡിന് അരികെയാണ് കോഹ്ലി ഇപ്പോൾ. 104 റണ്‍സ് കൂടി നേടിയാൽ വേഗത്തിൽ 20,000 റണ്‍സ് എന്ന റിക്കാർഡ് ഇന്ത്യൻ ക്യാപ്റ്റന്‍ സ്വന്തം പേരിൽ കുറിക്കാം. പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിനിടെ 57 റണ്‍സിലെത്തിയപ്പോൾ വേഗത്തിൽ 11,000 ഏകദിന റണ്‍സ് എന്ന റിക്കാർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു.
453 ഇന്നിംഗ്സുകളിൽനിന്നാണ് സച്ചിനും ലാറയും 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് പങ്കിടുന്നത്. ഈ പട്ടികയിൽ ഇവർക്കു പിന്നിലുള്ളത് 468 ഇന്നിംഗ്സിൽനിന്ന് 20,000 തികച്ച ഓസ്ട്രേലിയയുടെ മുൻ താരം റിക്കി പോണ്ടിംഗ് ആണ്. 415 ഇന്നിംഗ്സുകളിൽനിന്ന് 18,896 റണ്‍സ് കോഹ്ലിക്ക് ഇപ്പോൾ ഉണ്ട്. 131 ടെസ്റ്റ്, 222 ഏകദിനം, 62 ട്വന്റി-20 ഇന്നിംഗ്സുകളിലായാണിത്.
ഈ ലോകകപ്പിൽ മൂന്ന് ഇന്നിംഗ്സുകളിലായി 177 റണ്‍സ് ഇന്ത്യൻ ക്യാപ്റ്റൻ ഇതുവരെ സ്വന്തമാക്കി. ഓസ്ട്രേലിയ (82), പാക്കിസ്ഥാൻ (77) എന്നിവയ്ക്കെതിരേ അർധ സെഞ്ചുറിയും നേടി. ഇന്ന് അഫ്ഗാനെതിരായ മത്സരത്തിൽ കോഹ്ലി 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് കുറിക്കുമോയെന്നതിനായാണ് ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്.