ദുബായ്: കഴിഞ്ഞ വർഷത്തെ റണ്വേട്ടക്കാരാനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഐസിസി ടെസ്റ്റ് ടീം ഓഫ് ദ ഇയർ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണിത്. 2018ലെ മികച്ച താരമായും കോഹ്ലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്നോട്ടുള്ള യാത്രയ്ക്ക് ഉത്തേജകമാണ് തനിക്ക് ലഭിച്ച ഈ നേട്ടവും അംഗീകാരവുമെന്ന് കോഹ്ലി പ്രതികരിച്ചു.
ഐസിസിയുടെ ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും ഇന്ത്യൻ ക്യാപ്റ്റൻ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരേ വർഷം ടെസ്റ്റ്, ഏകദിന മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന റിക്കാർഡും ഇതോടെ കോഹ്ലിയെ തേടിയെത്തി.
ഇന്ത്യ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്ന് മൂന്ന് താരങ്ങൾ ലോക ടെസ്റ്റ് ഇലവണിൽ ഇടംപിടിച്ചു. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരാണ് ടീമിലുള്ളത്. ഇംഗ്ലണ്ടിൽനിന്ന് ആരും ഉൾപ്പെട്ടില്ല.
ടെസ്റ്റ് ടീം: കോഹ്ലി (ക്യാപ്റ്റൻ), ടോം ലാഥം, വില്യംസണ്, ഹെൻറി നിക്കോളാസ് (ന്യൂസിലൻഡ്), ദിമുത് കുരുണരത്ന (ശ്രീലങ്ക), പന്ത് (വിക്കറ്റ് കീപ്പർ), ജേസൻ ഹോൾഡർ (വിൻഡീസ്), റബാഡ (ദക്ഷിണാഫ്രിക്ക), ലിയോണ്‍ (ഓസ്ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ).