റാഞ്ചി: ഓസ്ട്രേലിയയ്ക്കെതിരേ ഏറ്റവും അധികം സെഞ്ചുറി നേടിയ റിക്കാർഡിൽ സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിനത്തിൽ 41-ാം സെഞ്ചുറി നേടിയ കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തമാക്കുന്ന എട്ടാം ശതകമാണ്. ഏഴ് സെഞ്ചുറി നേടിയ സച്ചിൻ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയിൽ കോഹ്ലി നേടുന്ന അഞ്ചാം സെഞ്ചുറിയാണ് ഇന്നലെ റാഞ്ചിയിൽ പിറന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്ലി ഇതോടെ 19 സെഞ്ചുറി പൂർത്തിയാക്കി.
ഇന്നലെ വ്യക്തിഗത സ്കോർ 27ൽ എത്തിയപ്പോൾ ക്യാപ്റ്റനായി 4000 റണ്‍സ് തികയ്ക്കുന്ന നാലാമത് ഇന്ത്യൻ താരവുമായി കോഹ്ലി. എം.എസ്. ധോണി (6641), മുഹമ്മദ് അസ്ഹറുദീൻ (5239), സൗരവ് ഗാംഗുലി (5104) എന്നിവരാണ് മുന്‍പ് ക്യാപ്റ്റനായി 4000 കടന്നത്.
വേഗത്തിൽ 4000 റണ്‍സ് പൂർത്തിയാക്കുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡും ഇന്ത്യൻ നായകൻ കരസ്ഥമാക്കി. 63-ാം ഇന്നിംഗ്സിലായിരുന്നു കോഹ്ലി ക്യാപ്റ്റനെന്ന നിലയിൽ 4000 തികച്ചത്. 77 ഇന്നിംഗ്സിൽ ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിനെയാണ് കോഹ്ലി പിന്തള്ളിയത്.