ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനം ആരാധകരെ ആവേശത്തിലാക്കുന്പോഴും ഉള്ളിന്റെയുള്ളിൽ ഒരു ചോദ്യമുയരുന്നു, ഇതിഹാസതാരമായ സച്ചിൻ തെണ്ടുൽക്കറിനും മുകളിലേക്കോ കോഹ്ലിയുടെ ഈ അതിവേഗസഞ്ചാരം.സച്ചിനും മുകളിലേക്ക് കോഹ്ലി വൈകാതെ പറന്നുയരുമെന്നാണ് വിലയിരുത്തൽ.
സച്ചിൻ തെണ്ടുൽക്കറിനുപോലും സാധിക്കാത്ത അപൂർവ നേട്ടം കഴിഞ്ഞ ദിവസം കോഹ്ലിയെ തേടിയെത്തിയിരുന്നു. ഐസിസിയുടെ മൂന്ന് ബഹുമതികൾ (സർ ഗാരി സോബേഴ്സ് ക്രിക്കറ്റർ ഓഫ് ദ ഇയർ, ടെസ്റ്റ് പ്ലയർ ഓഫ് ദ ഇയർ, ഐസിസി പുരുഷ ഏകദിന താരം) ഒരേവർഷം നേടുന്ന ആദ്യ താരമെന്ന നേട്ടം.
ഐസിസി 2018 ബഹുമതികൾക്കുപിന്നാലെ ഏകദിന, ടെസ്റ്റ് ലോക ഇലവണിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതും ഇന്ത്യൻ ക്യാപ്റ്റന്റെ തൊപ്പിയിൽ പൊൻതൂവലായി.
കഴിഞ്ഞ കലണ്ടർ വർഷം 13 ടെസ്റ്റിൽനിന്ന് 55.08 ശരാശരിയിൽ 1,322 റണ്‍സ് ആണ് കോഹ്ലി സ്കോർ ചെയ്തത്. ഇതുവരെ 77 ടെസ്റ്റിൽനിന്ന് 25 സെഞ്ചുറിയുൾപ്പെടെ 53.8 ശരാശരിയിൽ 6613 റണ്‍സും. ഏകദിനത്തിൽ 220 മത്സരങ്ങളിൽനിന്ന് 39 സെഞ്ചുറിയുൾപ്പെടെ 10430 റണ്‍സും.
ഐസിസിയുടെ മൂന്ന് പുരസ്കാരവും കോഹ്ലി നേടിയതോടെയാണ് സച്ചിനുമായുള്ള താരതമ്യം വീണ്ടും സജീവമായത്. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനേ ക്കാൾ 10 എണ്ണത്തിന്റെ മാത്രം പിന്നിലാണ് കോഹ്ലി. സച്ചിനെ മറികടക്കാൻ കോഹ്ലിക്ക് ഇനി എത്രനാൾ വേണ്ടിവരുമെന്നതിനായാണ് ആരാധകർ കാത്തിരിക്കുന്നത്.