ക്രിക്കറ്റ് ലോകത്തിൽ ഇതിഹാസങ്ങൾ പലതുണ്ട്, എന്നാൽ, ദശാബ്ദത്തിന്റെ (2010 മുതൽ) റണ്‍ മെഷീൻ എന്ന അപൂർവതയിലേക്ക് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടന്നു കയറി.ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ തെണ്ടുൽക്കറുമായുള്ള അകലം നാൾക്കുനാൾ കുറച്ചുകൊണ്ടുവരുന്ന കോഹ്ലി വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ശതകനേട്ടം ആവർത്തിച്ചു.
99 പന്തിൽ 114 റണ്‍സ് എടുത്ത് പുറത്താകാതെ മൂന്നാം ഏകദിനത്തിൽ മാൻ ഓഫ് ദ മാച്ച് ആയ ഇന്ത്യൻ ക്യാപ്റ്റൻ ഒരു പതിറ്റാണ്ടിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന ക്രിക്കറ്റ് താരമെന്ന ചരിത്രം കുറിച്ചു. ഒരു പതിറ്റാണ്ടിൽ 20,000 റണ്‍സ് എന്ന അപൂർവ റിക്കാർഡ് മൂന്നാം ഏകദിനത്തിലെ സെഞ്ചുറി ഇന്നിംഗ്സിനിടെ കോഹ്ലി സ്വന്തമാക്കി.
ഏകദിനത്തിൽ 43-ാം സെഞ്ചുറിയാണ് കോഹ്ലി തികച്ചത്. 49 സെഞ്ചുറികളുള്ള സച്ചിന്റെ ലോക റിക്കാർഡിലേക്ക് മുപ്പതുകാരനായ ഇന്ത്യൻ ക്യാപ്റ്റന്‍ ഇനിയുള്ളത് വെറും ആറ് എണ്ണത്തിന്റെ അകലം മാത്രം.
ഒരു പതിറ്റാണ്ടിൽ 20,000 റണ്‍സ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് കോഹ്ലി. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ഫോർമാറ്റുകളിലായി 20,502 റണ്‍സ് ആണ് ഡൽഹി താരത്തിന്റെ കരിയറിൽ ആകയുള്ളത്. അതിൽ 20,018 റണ്‍സ് ഈ പതിറ്റാണ്ടിലാണ് (2010 മുതൽ) നേടിയത്. ഒരു പതിറ്റാണ്ടിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡിൽ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനായ റിക്കി പോണ്ടിംഗിനെ (18,962 റണ്‍സ്) നേരത്തേതന്നെ കോഹ്ലി മറികടന്നിരുന്നു. രണ്ടായിരങ്ങളിലാണ് റിക്കി പോണ്ടിംഗ് ഇത്രയും റണ്‍സ് നേടിയത്.
77 ടെസ്റ്റിൽ നിന്ന് 6613ഉം 239 ഏകദിനങ്ങളിൽനിന്ന് 11520ഉം 70 ട്വന്റി-20യിൽനിന്ന് 2369 റണ്‍സുമാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 2008 ഓഗസ്റ്റ് 18നായിരുന്നു കോഹ് ലിയുടെ ഏകദിന അരങ്ങേറ്റം. ടെസ്റ്റിൽ 2011ലും ട്വന്റി-20യിൽ 2010ലും രാജ്യാന്തര അരങ്ങേറ്റം നടത്തി. 2008-09ൽ മൂന്ന് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പെടെ 484 റണ്‍സ് നേടിയിരുന്നു.
ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും അധികം റണ്‍സും സെഞ്ചുറിയും അർധസെഞ്ചുറിയുമുള്ള ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒരു പതിറ്റാണ്ടിൽ (2000 മുതൽ) നേടിയത് 15,962 റണ്‍സ് ആണ്. ലോകത്തിൽ ഒരു പതിറ്റാണ്ടിൽ ഏറ്റവും അധികം റണ്‍സ് നേടുന്നതിൽ ആറാം സ്ഥാനം മാത്രമാണ് സച്ചിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾ റൗണ്ടറായ ജാക് കാലിസ് ആണ് (രണ്ടായിരങ്ങളിൽ) കോഹ്ലിക്കും പോണ്ടിംഗിനും പിന്നിൽ മൂന്നാമത്.
50+ റണ്‍സ് എന്ന നേട്ടത്തിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്തേക്കും കോഹ്ലി 43-ാം സെഞ്ചുറിയിലൂടെ എത്തി. സച്ചിൻ തെണ്ടുൽക്കർ, ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര, ഓസീസ് മുൻ താരം റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസ് എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ളത്.
വിൻഡീസിനെതിരേ റിക്കാർഡ്
വെസ്റ്റ് ഇൻഡീസിനെതിരേ കോഹ്ലി നേടുന്ന ഒന്‍പതാം സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം പിറന്നത്. ഒരു ഇന്ത്യൻ താരം ഏതെങ്കിലുമൊരു ടീമിനെതിരേ ഏറ്റവും അധികം നേടുന്ന സെഞ്ചുറിക്കൊപ്പമാണിത്. ഓസ്ട്രേലിയയ്ക്കെതിരേ സച്ചിൻ തെണ്ടുൽക്കർ ഒന്‍പത് സെഞ്ചുറി നേടിയിട്ടുണ്ട്.
ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടിയതിൽ സച്ചിനു മാത്രം പിന്നിലാണ് കോഹ്ലി. വിൻഡീസിനെതിരേ ഏകദിനത്തിൽ 2,000 റണ്‍സ് കടക്കുന്ന ആദ്യ താരമെന്ന ചരിത്രവും ഈ പരന്പരയിൽ കോഹ്ലി സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാൻ മുൻ താരം ജാവേദ് മിയാൻദാദിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് രണ്ടാം ഏകദിനത്തിലെ സെഞ്ചുറിയിലൂടെ കോഹ്ലി സ്വന്തം പേരിലേക്ക് മാറ്റിയത്.
കോഹ്ലി x രോഹിത് പോരാട്ടം
2019ൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം 50+ സ്കോർ എന്ന നേട്ടത്തിനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ ശക്തമായ പോരാട്ടം. ഇതുവരെ ഇരുവരും 11 തവണ 50+ സ്കോർ നേടിയിട്ടുണ്ട്. രോഹിത് ശർമ ആറ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും നേടിയപ്പോൾ കോഹ്ലി അഞ്ച് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും കുറിച്ചുകഴിഞ്ഞു.
ഇംഗ്ലീഷ് ലോകകപ്പിലാണ് രോഹിത് ശർമയുടെ അഞ്ച് സെഞ്ചുറികൾ. കോഹ്ലിക്ക് പക്ഷേ, ലോകകപ്പിൽ സെഞ്ചുറി നേടാൻ സാധിച്ചില്ല. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലും ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലും മൂന്ന് സെഞ്ചുറി നേടിയ കോഹ്ലി വിൻഡീസ് പര്യടനത്തിൽ രണ്ട് ശതകനേട്ടംകൂടി സ്വന്തമാക്കി.
ഈ വർഷം ഏറ്റവും അധികം റണ്‍സ് നേടിയതിൽ 1288 റണ്‍സുമായി കോഹ്ലിയാണ് ഒന്നാമത്. 1232 റണ്‍സ് രോഹിത്തിന്റെ സന്പാദ്യം.