ധര്‍മശാല: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇന്നലത്തെ ഇന്ത്യയുടെ നെറ്റ്സിലെ ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയില്ല. പരിക്കിൽനിന്ന് അദ്ദേഹം പൂർണമായി മുക്തനായിട്ടില്ലെന്നാണു സൂചന. പകരം പാതി മലയാളിയായ ശ്രേയസ് അയ്യർ ടീമിലെത്തിയതായി ബിസിസിഐ അറിയിച്ചു. ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരേ ആരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പരിശീലനത്തിലാണ് ഇന്ത്യ.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി. ഷാമി ഇപ്പോള്‍ ഫിസിയോ പാട്രിക് ഫാര്ഹര്ട്ടിന്റെ നിരീക്ഷണത്തിലാണ്. റാഞ്ചിയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കോഹ് ലിയുടെ വലതു തോളിനു പരിക്കേറ്റിരുന്നു. സഹകളിക്കാര്‍ക്കൊപ്പം ഗ്രൗണ്ടിലെത്തിയ കോഹ്ലിയുടെ വലതു തോളില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.