ലണ്ടൻ: ആക്രമണോത്സുകതയുള്ള താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നതിൽ തർക്കമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂളായിരുന്നു എം.എസ്. ധോണിയെങ്കിൽ അഗ്രസീവ് ക്യാപ്റ്റനാണ് കോഹ്ലി. ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന 12-ാം ഏകദിന ലോകകപ്പിനിടെ മൈതാനത്ത് കോഹ്ലിയുടെ ആക്രമണോത്സുകത ലോകം ദർശിച്ചതാണ്. എന്നാൽ, ആ ആക്രമണോത്സുകത ഇപ്പോൾ കോഹ്ലിക്ക് വിനയായിരിക്കുന്നു.
ഈ ലോകകപ്പിനിടെ അന്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച കോഹ്ലി ഐസിസി ചട്ടലംഘനത്തിലൂടെ രണ്ട് ഡിമെറിറ്റ് പോയിന്റ് വഴങ്ങിയിട്ടുണ്ട്. അമിതമായി അപ്പീൽ ചെയ്തതിനും അന്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിനുമാണിത്. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും എതിരായ മത്സരങ്ങളിലാണ് കോഹ്ലി ഡിമെറിറ്റ് പോയിന്റ് വഴങ്ങിയത്.
ഇതോടെ 2018 ജനുവരിക്കുശേഷം കോഹ്ലിയുടെ പേരിൽ മൂന്ന് ഡിമെറിറ്റ് പോയിന്റായി. രണ്ട് വർഷത്തിനുള്ളിൽ നാല് ഡിമെറിറ്റ് പോയിന്റ് ഒരു കളിക്കാരനു ലഭിച്ചാൽ രണ്ട് ഏകദിനത്തിലോ ഒരു ടെസ്റ്റിലോ വിലക്ക് ലഭിക്കും. നാല് ഡിമെറിറ്റിലേക്ക് കോഹ്ലിക്ക് ഉള്ളത് ഒരെണ്ണത്തിന്റെ ദൂരം മാത്രമാണ്.
നാളെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ കോഹ്ലിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഇന്ത്യക്കു തിരിച്ചടിയാകും. കാരണം, സെമിയിൽ കോഹ്ലി ഇല്ലാതെ ഇന്ത്യക്കു കളിക്കേണ്ടിവരും. ഫൈനലിൽ പ്രവേശിച്ചാൽ അപ്പോഴും ഇന്ത്യൻ ക്യാപ്റ്റനു കളിക്കാൻ സാധിക്കില്ല.