ദുബായ്: ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ 243 റണ്‍സുമായി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുനിന്നാണ് കോഹ്ലി രണ്ടാം സ്ഥാനത്തേ കുതിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് രണ്ടാം ഇന്നിംഗ്സില്‍ 50 റണ്‍സ് നേടുകയും ചെയ്തിരുന്നു.
മൂന്നു മത്സരങ്ങളില്‍നിന്ന് ആകെ 610 റണ്‍സാണ് കോഹ്ലി നേടിയത്. പരമ്പരയില്‍ കോല്‍ക്കത്തയിലും ഡല്‍ഹിയിലും നടന്ന ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. പരമ്പരയില്‍ കോഹ്ലി തുടര്‍ച്ചയായി ഇരട്ട സെഞ്ചുറി നേടിയിരുന്നു.
മൂന്നു ടെസ്റ്റിലും ഇന്ത്യന്‍ നായകന് സെഞ്ചുറി നേടി. പരമ്പര തുടങ്ങുന്നതിനു മുമ്പ് ഇന്ത്യന്‍ നായകന് ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍, പരമ്പരയിലുടനീളം ബാറ്റിംഗ് മികവ് പുറത്തെടുത്ത കോഹ്ലി 152.50ന്റെ ശരാശരിയിലാണ് റണ്‍സ് സ്കോര്‍ ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തുമായി 45 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനത്തുള്ള കോഹ്ലി ടെസ്റ്റിലും ഒന്നാം റാങ്ക് പദവിയാണ് ഉറ്റുനോക്കുന്നത്. മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ് മാത്രമാണ് ഒരു സമയത്ത്- ഡിസംബര്‍-ജനുവരി 2006-06, മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തിയത്. സഹതാരം മാത്യു ഹെയ്ഡനും മൂന്നു ഫോര്‍മാറ്റിലും ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തേക്കിറങ്ങി. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്കു പതിച്ചു. രവിചന്ദ്രന്‍ അശ്വിന് നാലാം സ്ഥാനത്തു തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ രണ്ടാമതും ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ അശ്വിന് നാലാം സ്ഥാനത്തുമാണ്.