ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ ഡിആർഎസ് (ഡിസിഷൻ റിവ്യു സിസ്റ്റം) സാങ്കേതിക വിദ്യയെ വിമർശിച്ച് വിരാട് കോഹ്ലി. കൃത്യതയും സ്ഥിരതയുമില്ലാത്ത പരിപാടിയാണ് ഡിആർഎസ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ 44-ാം ഓവറിൽ ആഷ്ടണ്‍ ടർണറിന്റെ വിക്കറ്റിനായുള്ള ഡിആർഎസ് ഇന്ത്യ പരാജയപ്പെട്ടത് സൂചിപ്പിച്ചാണ് കോഹ്ലിയുടെ വിമർശനം. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ വൈഡ് ലെഗ്ബ്രേക്കിൽ ടർണറിന്റെ ബാറ്റിന്റെ അടിഭാഗത്ത് പന്ത് ഉരസിയതായി റീപ്ലേയിൽ വ്യക്തമായിരുന്നു.
സ്റ്റംപിംഗ് ആണെന്നാണ് ആദ്യം കരുതിയതെങ്കിലും ബാറ്റിൽ പന്ത് ഉരസിയതായി ഋഷഭ് പന്ത് ആംഗ്യംകാണിച്ചു. തുടർന്ന് റിവ്യൂ ചെയ്തെങ്കിലും വിധി ഇന്ത്യക്ക് അനുകൂലമായില്ല. ഇതേത്തുടർന്ന് മൈതാനത്ത് വച്ച്തന്നെ കോഹ്ലി തന്റെ അനിഷ്ടം വ്യക്തമാക്കിയിരുന്നു. മാൻ ഓഫ് ദ മാച്ച് ആയ ടർണർ ആ സമയത്ത് 41 റണ്‍സിലായിരുന്നു.