ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ മാത്രമേയുള്ളൂ എന്നും ഐപിഎൽ എല്ലാ വർഷവുമുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സന്ദേശം. ഐപിഎലിൽ കഠിനമായി കളിച്ച് പരിക്ക് പറ്റാതിരിക്കാനുള്ള ഓർമപ്പെടുത്തലാണ് കോഹ്ലി നല്കിയത്. പരിക്കേറ്റ് ലോകകപ്പിൽനിന്ന് പുറത്തായി ടീമിന്റെ സന്തുലനാവസ്ഥയ്ക്കു ക്ഷതമേൽപ്പിക്കാതിരിക്കുകയാണ് വേണ്ടതെന്നും കോഹ്ലി പറഞ്ഞു. ഐപിഎലിൽ കളിക്കരുതെന്നല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ സാധിക്കില്ലെന്ന് നേരത്തേതന്നെ കോഹ്ലി വ്യക്തമാക്കിയിരുന്നു. ലോകകപ്പിനുള്ള ടീമിനെ ഇതിനോടകം നിശ്ചയിച്ചുകഴിഞ്ഞതായും ഇന്ത്യൻ ക്യാപ്റ്റൻ അറിയിച്ചിട്ടുണ്ട്.
ഈ മാസം 23 മുതൽ മേയ് 19വരെയാണ് ഇത്തവണ ഐപിഎൽ അരങ്ങേറുക. മേയ് 30നാണ് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കം.