ബർമിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച യുവ്രാജ് സിംഗിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തപ്പോള്‍ യുവി ആക്രമണ ദൗത്യം ഏറ്റെടുത്തു കത്തിക്കയറുകയായിരുന്നു.
യുവ്രാജിനൊപ്പം ബാറ്റുചെയ്തപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ താന്‍ ഒരു ക്ലബ് കളിക്കാരനായി അനുഭപ്പെട്ടതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ 32പന്തില്‍ 53 റണ്‍സാണ് യുവി അടിച്ചെടുത്തത്. അഭിമാനപോരാട്ടത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിലുള്ള സന്തോഷം പ്രകടിപ്പിക്കാനും കോഹ്ലി മറന്നില്ല.
124 റണ്‍സിന് പാക്കിസ്ഥാനെ കീഴടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സന്നാഹമത്സരങ്ങളിലൂടെ ഇന്ത്യ ഫോമില്‍ എത്തിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഏറെ മികവു പുലര്‍ത്തി.എന്നാല്‍ ഫീല്‍ഡിംഗില്‍ ഇന്ത്യ ശരാശരി പ്രകടനമേ പുറത്തെടുത്തുള്ളുവെന്നും താരം പറഞ്ഞു. നീണ്ട ഇടവേളകള്‍ക്കു ശേഷം ഓപ്പണിംഗിനെത്തിയ ധവാന് -രോഹിത് സഖ്യം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനു അടിത്തറപാകി.
ആറു പന്തില്‍ 20 റണ്‍സ് അടിച്ചുകൂട്ടിയ ഹര്ദിവ് പാണ്ഡ്യ മികവു തെളിച്ചെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ അറിയിച്ചു. അതേസമയം പാക്കിസ്ഥാന് ക്യാപ്റ്റന്‍ സര്‍ഫ്രസ് അഹമ്മദ്, വിജയത്തില്‍ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദനമറിയിച്ചു. ഇന്ത്യന്‍ ബാറ്റിംഗില്‍ കളിയുടെ 40- ാം ഓവര്‍ വരെ തങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടായിരുന്നുവെന്നും അവസാന എട്ട് ഓവറുകളിലെ ഇന്ത്യന്‍ ബാറ്റിംഗാണ് കാര്യങ്ങള്‍ മറിച്ചാക്കിയതെന്നും പാക് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.