കോല്‍ക്കത്ത: മഴ മൂലം വിരസമായ ആദ്യ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് അവസാന ദിവസങ്ങളിലെത്തിയപ്പോള്‍ ആവേശമാണ് സമ്മാനിച്ചത്. മത്സരം ആവേശകരമാക്കിയത് രണ്ടാം ഇന്നിംഗ്സ് നേരത്തെ ഡിക്ലയര്‍ ചെയ്യാന്‍ ഇന്ത്യകാട്ടിയ തീരുമാനമാണ്.
ഇന്ത്യ: 172, 352/8. ശ്രീലങ്ക: 294, 75/7. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനില്‍തന്നെ എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു മുന്നില്‍വച്ചത് 231 റണ്‍സിന്റെ വിജയലക്ഷ്യം. ബാറ്റിംഗിനിറങ്ങിയ ലങ്കയെ ഇന്ത്യന്‍ പേസര്‍മാര്‍ തകര്‍ത്തതോടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിക്കുമെന്നു തോന്നി.
എന്നാല്‍ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്കയുടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 119 പന്തില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോഹ്ലിയുടെ 50-ാമത് അന്താരാഷ്ട്ര സെഞ്ചുറിയാണ്. ഏകദിനത്തിൽ 32ഉം ടെസ്റ്റിൽ 18ഉം സെഞ്ചുറിയാണ് കോഹ്്ലിക്കുള്ളത്. രണ്ട് ഇന്നിംഗ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ മാച്ച്.
ചെറുതല്ലാത്ത വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 26.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണു കളിയവസാനിപ്പിച്ചത്. 11 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണു ലങ്കന്‍ ഇന്നിംഗ്സില്‍ നാശം വിതച്ചത്. ഭുവനേശ്വറിന്റെ എട്ട് ഓവറുകള്‍ മെയ്ഡനായിരുന്നു. മുഹമ്മദ് ഷാമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
അവസാന ദിനം ഒരു വിക്കറ്റിന് 171 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കു ഓപ്പണര്‍ കെ.എല്‍.രാഹുലിനെ (79) പെട്ടെന്നു നഷ്ടമായി. ചേതേശ്വര്‍ പൂജാരയെയും (22), റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയെയും അടുത്തടുത്ത് നഷ്ടപ്പെട്ട ഇന്ത്യക്ക് നായകന്റെ പ്രകടനമാണ് തുണയായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് നായകന് നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്കു മികച്ച ലീഡ് നല്‍കിയത്. മുഹമ്മദ് ഷാമി (12) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ലങ്കയ്ക്കു സ്കോര്‍ 22ലെത്തിയപ്പോള്‍ നാലു വിക്കറ്റുകള്‍ പൊഴിഞ്ഞു. പിന്നീട് ചെറിയൊരു കൂട്ടുകെട്ടിനുശേഷം ദിനേശ് ചാണ്ഡിമല്‍ (20), നിരേക്ഷന് ഡിക്വെല (27), ദില്‍രുവാന്‍ പെരേര (0) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ വിജയത്തിലേക്കെന്നു തോന്നിച്ചു. എന്നാല്‍ ഇന്ത്യയുടെ വിജയമോഹങ്ങള്‍ തകര്‍ത്തുകൊണ്ട് വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി.