കൊച്ചി/തൃപ്പൂണിത്തുറ: കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം, ആളപായമില്ല. ഇന്നു വെളുപ്പിന് ആറോടെ റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണീറ്റ് രണ്ടിനു സമീപത്തായിട്ടാണു തീപിടിത്തമുണ്ടായത്. സംഭവത്തെത്തുടർന്നു പ്ലാന്റ് അടച്ചു.
ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന രണ്ടു പ്ലാന്റുകളിൽ ഒന്നിനു സമീപത്തായിട്ടാണു തീപിടിത്തമുണ്ടായതെന്നും ഉടൻതന്നെ റിഫൈനറിയിലെ ഫയർ യൂണീറ്റ് സ്ഥലത്തെത്തി തീയണച്ചതായും അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിനു കാരണമെന്തെന്ന് അറിവായിട്ടില്ലെന്നും വിശദമായ അന്വേഷണങ്ങൾക്കുശേഷം മാത്രമേ ഇതു സംബന്ധിച്ച വ്യക്തത നൽകാനാകൂവെന്നും അധികൃതർ പറഞ്ഞു.
തീപിടിത്തത്തെ തുടർന്നു അടച്ച പ്ലാന്റ് ഇന്നു തന്നെ തുറക്കുമെന്നാണു വിവരം. തൻമൂലം പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിൽ കാലതാമസം നേരിടില്ലെന്നും റിഫൈനറി അധികൃതർ വ്യക്തമാക്കി. കേരളത്തിനു പുറമേ കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കടക്കം ഇവിടെനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്നുണ്ട്.
കൂടുതൽ അപകടം സംഭവിക്കാതിരിക്കുന്നതിനാണു പ്ലാന്റ് അടച്ചതെന്നും ക്രൂഡ് ഓയിൽ സംഭരിക്കുന്ന സ്ഥലത്തല്ല തീപിടിത്തമുണ്ടായതെന്നും അധികൃതർ പറയുന്നു. അതിനാൽതന്നെ തീപിടിത്തത്തെ തുടന്നു ക്രൂഡ് ഓയിൽ നശിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
തീപിടിത്തമുണ്ടായ സമയം റിഫൈനറിയിൽ നിരവധി ജീവനക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. റിഫൈനറി അധികൃതരുടെയും ഫയർ യൂണീറ്റിന്റെയും സംയോജിത ഇടപെടലാണു വൻ ദുരന്തം ഒഴിവാക്കിയത്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണീറ്റിനു സമീപത്തുള്ള ഹെവി നാഫ്താ ഡ്രോ ലെയ്നിൽ വിള്ളലുണ്ടാകുകയും ഇതിലൂടെ വാതകം ചോർന്നതാകാം തീപിടിത്തത്തിനു കാരണമായതെന്നുമാണു റിഫൈനറി അധികൃതരുടെ പ്രാഥമിക നിഗമനം. ു