പോർട്ട് ഒ സ്പെയിൻ: അഞ്ഞൂറാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി കുറിച്ച് വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഷാനൻ ഗബ്രിയേലിനെ സ്ക്വയർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്കു പായിച്ചാണു കോഹ്ലി സെഞ്ചുറി തികച്ചത്.
കോഹ്ലിയുടെ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയും 76-ാം അന്താരാഷ്ട്ര സെഞ്ചുറിയുമാണിത്. കോഹ്ലിയുടെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരുടെ അർധസെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 438 റൺസെടുത്തു.
രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ വിൻഡീസ് ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (37), കിർക് മക്കെൻസി (14) എന്നിവരാണ് ക്രീസിൽ.
രണ്ടാം ദിനം കോഹ്ലി-ജഡേജ സഖ്യമാണ് ഇന്ത്യയെ ഉറപ്പിച്ചത്. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
121 റണ്‍സ് നേടിയ കോഹ്ലി റണ്ണൗട്ടിലാണ് പുറത്തായത്. 61 റൺസെടുത്ത ജഡേജയെ കേമർ റോച്ച് പുറത്താക്കി. പിന്നാലെ എത്തിയവരിൽ അശ്വിൻ (56) മികച്ച പ്രകടനം നടത്തി. ഇഷാൻ കിഷൻ 25 റൺസെടുത്ത് പുറത്തായി.
നേരത്തേ, രോഹിത് ശർമ-യശസ്വി ജയ്സ്വാൾ സഖ്യത്തിന്റെ സെഞ്ചുറി ഓപ്പണിംഗ് കൂട്ടുകെട്ടാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
രോഹിത് 80 റണ്‍സും ജയ്സ്വാൾ 57 റണ്‍സും നേടി. ശുഭ്മൻ ഗിൽ (10), അജിങ്ക്യ രഹാനെ (8) എന്നിവർ നിരാശപ്പെടുത്തി.