ന്യൂഡൽഹി: ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ഒത്തുകളിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി. സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെയാണ് നായകൻ വിരാട് കോഹ്ലിയും വെറ്ററൻ താരം യുവരാജ് സിംഗും ഒത്തുകളിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ കളിച്ചവർക്കു ഫൈനലിൽ തിളങ്ങാൻ കഴിയാതിരുന്നതാണ് ഒത്തുകളിക്കു തെളിവായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
മിക്കപ്പോഴും സെഞ്ചുറി നേടുന്ന വിരാട് കോഹ്ലിയും, മുന്‍പ് വളരെ അധികം റണ്‍സ് അടിച്ചുകൂട്ടിയ യുവരാജ് സിംഗിനെപോലുള്ള മുതിർന്ന താരങ്ങളും പാക്കിസ്ഥാനെതിരായ ഫൈനൽ മത്സരത്തിൽ തോൽക്കാൻ വേണ്ടിയെന്ന രീതിയിലാണ് കളിച്ചത്. 2009ലെ ലോക ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിനുശേഷമുള്ള പാക്കിസ്ഥാന്റെ കിരീടനേട്ടമാണിത്. ഒത്തുകളി നടന്നിട്ടുണ്ടോ? അന്വേഷിക്കപ്പെടേണ്ട കാര്യമാണത്- മഹാരാഷ്ട്രയിൽനിന്നുള്ള കേന്ദ്രമന്ത്രിയായ അത്താവാലെ പറഞ്ഞു. നിരവധി തവണ ഇന്ത്യക്കു മുന്നിൽ മുട്ടുമടക്കിയിട്ടുള്ള പാക്കിസ്ഥാൻ ഇക്കുറി ഇന്ത്യയെ മുട്ടുകുത്തിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റണ്‍സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം ചൂടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ലീഗ് ഘട്ടത്തിലെ വിജയത്തിനുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനോടു തോറ്റത്.