ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്ലി ഏകദിനത്തിൽ ഇതുവരെ നേടിയത് 47 സെഞ്ചുറി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 49 സെഞ്ചുറി എന്ന റിക്കാർഡിലേക്ക് കോഹ്ലിക്കുള്ളത് വെറും രണ്ട് സെഞ്ചുറിയുടെ അകലം മാത്രം.
സച്ചിന്റെ റിക്കാർഡിലേക്കുള്ള അകലം കുറയ്ക്കുന്ന കോഹ്ലി പക്ഷേ, അറിയപ്പെടുന്നത് ചേസിംഗ് രാജ എന്ന്. ഇന്ത്യ ചേസ് ചെയ്യുന്പോൾ കോഹ്ലിയുടെ ഇന്നിംഗ്സുകൾ അത്രയ്ക്ക് നിർണായകമാണ് എന്നതാണതിനു കാരണം.
1990കളിൽ സച്ചിൻ തെണ്ടുൽക്കർ ഇന്ത്യയെ ഒറ്റയ്ക്കു തോളിലേറ്റി നിരവധി മത്സരങ്ങളിൽ ജയത്തിലെത്തിച്ചു. എതിരാളിയെ പിന്തുടർന്നുള്ള ഇന്ത്യയുടെ ജയങ്ങളിൽ സച്ചിൻ തെണ്ടുൽക്കർ നേടിയത് 5490 റണ്‍സ്. സച്ചിന്റെ ഈ റിക്കാർഡ് മറികടന്ന് കോഹ്ലി മുന്നേറുന്നു.
ചെന്നൈയിൽ നടന്ന ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ ചേസിംഗിൽ 116 പന്തിൽ കോഹ്ലി നേടിയത് 85 റണ്‍സ്. അതോടെ ഇന്ത്യയുടെ വിജയകരമായ ചേസിംഗിൽ കോഹ്ലിയുടെ റണ്‍സ് സന്പാദ്യം 5517ൽ എത്തി. വെറും 92 ഇന്നിംഗ്സിലാണ് കോഹ്ലിയുടെ ഈ നേട്ടം.
ഏകദിന ചരിത്രത്തിൽ വിജയകരമായ ചേസിംഗിൽ 5500ൽ അധികം റണ്‍സുള്ള ഏക ബാറ്ററാണ് വിരാട് കോഹ്ലി. ഏകദിനത്തിൽ വിജയകരമായ ചേസിംഗിൽ കോഹ്ലിയുടെ ശരാശരി 88.89 ആണ്. സക്സസ്ഫുൾ ചേസിംഗിൽ 3000ൽ അധികം റണ്‍സുള്ള ബാറ്റർമാരിൽ ഏറ്റവും ഉയർന്ന ശരാശരിയും ഇതുതന്നെ.
124 ഇന്നിംഗ്സിലാണ് സച്ചിന്റെ 5490 ചേസിംഗ് റണ്‍സ്, ശരാശരി 55.45 മാത്രം. വിജയകരമായ റണ്‍ ചേസിംഗിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയും കോഹ്ലിക്കു സ്വന്തം, 22 എണ്ണം. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിൽ 20 റണ്‍സ് തികച്ചപ്പോൾ, ഐസിസി വൈറ്റ് ബോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റണ്‍സുള്ള ഇന്ത്യക്കാരൻ എന്ന നേട്ടത്തിലും കോഹ്ലി സച്ചിനെ മറികടന്നു.
ക്രിസ് ഗെയ്ൽ (2942), കുമാർ സംഗക്കാര (2876), മഹേല ജയവർധന (2858) എന്നിവർ മാത്രമേ ഇക്കാര്യത്തിൽ ഇനി കോഹ്ലിക്കു മുന്നിലുള്ളൂ.