മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.
എൽബിഡബ്ല്യു അപ്പീലിൽ പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് മനസിലായ കോഹ്ലി റിവ്യൂ എടുത്തെങ്കിലും തേർഡ് അന്പയർ ഔട്ട് വിളിക്കുകയായിരുന്നു.അജാസ് പട്ടേൽ എറിഞ്ഞ 30-ാം ഓവറിലെ അവസാന പന്തിൽ കോഹ്ലി വിക്കറ്റിനു മുന്നിൽ കുരുങ്ങി.
കിവീസ് താരങ്ങളുടെ അപ്പീലിനു പിന്നാലെ ഓണ്ഫീൽഡ് അന്പയർ അനിൽ ചൗധരിയുടെ വിരലുയർന്നു. പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന കോഹ്ലി ഉടൻതന്നെ റിവ്യൂ എടുത്തു.
എന്നാൽ വിവിധ ആംഗിളുകൾ പരിശോധിച്ചിട്ടും പന്ത് ആദ്യം പാഡിലാണോ ബാറ്റിലാണോ ഇനി ഒരേസമയം രണ്ടിടത്തും തട്ടിയതാണോ എന്ന് ടിവി അന്പയർ വീരേന്ദർ ശർമയ്ക്കു സംശയമുയർന്നു.
ഇതോടെ അദ്ദേഹം ഓണ്ഫീൽഡ് അന്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ പന്ത് ആദ്യം ബാറ്റിലിടിച്ചുവെന്ന് വ്യക്ത മായിരുന്നു.