സതാംപ്ടണ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ 6,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോഹ്ലി മാറി.
കരിയറിലെ 70-ാം മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടം സ്വന്തമാക്കിയത്. 65 മത്സരങ്ങളില്‍ നേട്ടം കൊയ്ത സുനില്‍ ഗവാസ്കറാണ് വേഗത്തില്‍ 6,000 നേടിയ ഇന്ത്യന്‍ താരം. സച്ചിന് തെന്‍ഡുല്‍ക്കര്‍ 76 മത്സരങ്ങളിലും വീരേന്ദര്‍ സേവാഗ് 72 മത്സരങ്ങളിലും രാഹുല്‍ ദ്രാവിഡ് 73 മത്സരങ്ങളിലും നേട്ടം സ്വന്തമാക്കി. 45 മത്സരങ്ങളില്‍ 6,000 റണ്‍സ് നേടിയ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.
നാലാം ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇന്ത്യ 125/2 എന്ന ശക്തമായ നിലയിലാണ്. കോഹ്ലി (37), ചേതേശ്വര്‍ പൂജാര (41) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് 121 റണ്‍സ് കൂടി വേണം.
ഓപ്പണര്‍മാരായ ശിഖര്‍ ധവാന് (33), കെ.എല്‍.രാഹുല്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 246 റണ്‍സ് നേടിയിരുന്നു.