ഇന്ത്യയുടെ സൂപ്പർ ബാറ്ററും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുൻ നായകനുമായ വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണു മുന്നോടിയായി ഇന്നലെ ബംഗളൂരുവിലെത്തി. 2024ലെ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ അന്താരാഷ്ട്ര ട്വന്റി20യിൽനിന്നു വിരമിക്കലിനുശേഷമുള്ള കോഹ്ലിയുടെ ആദ്യ ട്വന്റി 20 ടൂർണമെന്റാണ്. ഇന്ത്യൻ സൂപ്പർ താരത്തിന്റെ 18-ാം ഐപിഎൽ സീസണാണിത്.
മുപ്പത്തിയാറുകാരനായ ഇന്ത്യൻ സൂപ്പർ താരം കനത്ത സുരക്ഷയ്ക്കു നടുവിലാണ് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. ബംഗളൂരുവിലെത്തിയ കോഹ്ലിയുടെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. കോഹ് ലി ടീമിനൊപ്പം ചേരാനാണ് ബംഗളൂരുവിലെത്തിയത്.
ഐപിഎല്ലിന്റെ ചരിത്രത്തിൽ 252 മത്സരങ്ങളിൽ 8004 റണ്സുമായി കോഹ്ലിയാണ് ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ശിഖർ ധവാനും (6769), രോഹിത് ശർമയും (6628) ഏറെ ദൂരം പിന്നാലാണ്. 2008ൽ ഡൽഹി ഫ്രാഞ്ചൈസിയുടെ ഒരു മണ്ടൻ തീരമാനത്തെതുടർന്നാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കോഹ്ലിയെ സ്വന്തമാക്കിയത്. 2008ലെ അണ്ടർ 19 കളിക്കാരുടെ ഡ്രാഫ്റ്റിനിടെയാണ് കോഹ്ലിയെ ആർസിബി വാങ്ങിയത്. അതേ വർഷം തന്നെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച ഡൽഹി ബാറ്റ്സ്മാൻ പ്രശസ്തിയിലേക്ക് ഉയർന്നുവന്നിരുന്നു.
ലോകകപ്പ് ടൂർണമെന്റിൽ 235 റണ്സ് നേടിയ കോഹ്ലി ഇന്ത്യയെ കപ്പിലേക്കു നയിച്ചു. ഇത് അണ്ടർ 19 ഡ്രാഫ്റ്റിൽ കോഹ്ലിയെ ഒരു പ്രതീക്ഷയാക്കി മാറ്റി, ടീമുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ താത്പര്യം കാണിച്ചു. കോഹ്ലിക്കു പകരം അന്ന് ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയത് ഡൽഹിക്കാരനായ പ്രദീപ് സാഗ്വാനെ. ആർസിബി ഈ അവസരത്തിൽ കോഹ്ലിയുമായി കരാറിലെത്തി.
22ന് ഈഡൻ ഗാർഡൻസിൽവച്ച് നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആർസിബി നേരിടുന്നതോടെ 2025 ഐപിഎൽ സീസണു തുടക്കമാകും. പുതിയ ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ കീഴിൽ പുതിയ ചരിത്രം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുവരെ ഐപിഎൽ കിരീടം ചുണ്ടോടടുപ്പിക്കാനാകാത്ത ആർസിബി ഇത്തവണ ഇറങ്ങുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിൽ മികച്ച തുടക്കമിടാനാണ് ആർസിബി ഇറങ്ങുക.
തിരിച്ചുവരും, ഒരു വ്യവസ്ഥയിൽ
ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ തിരിച്ചെത്തും. അതിനൊരു വ്യവസ്ഥയുണ്ട്. 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ പുരുഷന്മാരുടെ മത്സരത്തിൽ ഇന്ത്യ ഫൈനലിലെത്തണമെന്ന് മാത്രം. ആ ഒരു ഫൈനലിലേക്കു മാത്രമായി തിരിച്ചുവരുമെന്നാണ് കോഹ്ലി പറഞ്ഞത്. 128 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുകയാണ്. 2024 ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് കിരീടം നേടിയതിനു പിന്നാലെയാണ് കോഹ്ലി അന്താരാഷ്ട്ര ടി20യിൽനിന്ന് വിരമിച്ചത്. 2028ൽ ഇന്ത്യ ഒളിന്പിക്സ് ഫൈനലിൽ എത്തിയാൽ, ആ ഒരു മത്സരത്തിനായി വിരമിക്കൽ പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം. ഒളിന്പിക് മെഡൽ നേടുന്നത് ഗംഭീരമായിരിക്കും, ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയെക്കുറിച്ച് സൂചന നൽകി കോഹ്ലി
ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ താൻ ഉണ്ടാകാൻ സാധ്യത കുറവെന്ന് സൂചിപ്പിച്ച് കോഹ്ലി. 2024-25 ലെ ബോർഡർ-ഗവാസ്കർ ട്രോഫി തന്റെ അവസാന ഓസ്ട്രേലിയൻ പര്യടനമായിരിക്കുമെന്നാണ് ഇന്ത്യയുടെ മുൻ നായകൻ സൂചന നൽകിയത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനം കോഹ്ലിക്ക് സ്മരണീയമായ ഒന്നായിരുന്നില്ല. ഒന്പത് ഇന്നിംഗ്സുകളിൽ നിന്ന് 23.75 ശരാശരിയിൽ 190 റണ്സ് മാത്രമാണ് അദ്ദേഹം നേടിയത്.
“എനിക്ക് ഇനിയൊരു ഓസ്ട്രേലിയൻ പര്യടനം ഉണ്ടാകണമെന്നില്ല, അതിനാൽ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് സമാധാനം തോന്നുന്നു-’’ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സംഘടിപ്പിച്ച ഒരു ചടങ്ങിയിൽ സംസാരിക്കവേ കോഹ്ലി പറഞ്ഞു.
വിരമിക്കലിനു ശേഷമുള്ള പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഇതുവരെ ഒന്നും ആസൂത്രണം ചെയ്തിട്ടില്ലെന്ന് കോഹ്ലി പറഞ്ഞു. “വിരമിക്കലിനു ശേഷം ഞാൻ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അടുത്തിടെ, ഞാൻ ഒരു സഹതാരത്തോട് ഇതേ ചോദ്യം ചോദിച്ചു, ഇതേ ഉത്തരം ലഭിച്ചു. അതെ, ഒരുപക്ഷേ ധാരാളം യാത്രകൾ ചെയ്തേക്കാം’’.കോഹ്ലി പറഞ്ഞു.
നിതീഷ് കുമാർ റെഡ്ഢി തയാർ
ഐപിഎൽ 2025 സീസണു തയാറെടുക്കുന്ന സണ്റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ വാർത്ത. പരിക്ക് പൂർണമായി ഭേദമായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ ടീമിനൊപ്പം ഇന്നു ചേരും. നിതീഷ് കുമാർ റെഡ്ഢി ആരോഗ്യം വീണ്ടെടുത്തു. പരിക്ക് പൂർണമായി ഭേദമായി. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ യോ-യോ ടെസ്റ്റ് 18.1 സ്കോറുമായി വിജയകരമായി പൂർത്തിയാക്കിയെന്നും ടീമുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. 23ന് രാജസ്ഥാൻ റോയൽസിനെതിരേയുള്ള മത്സരത്തോടെയാണ് സണ്റൈസേഴ്സ് സീസണ് ആരംഭിക്കുന്നത്. 2024 ഐപിഎല്ലിൽ പുറത്തെടുത്ത മികവാണ് യുവതാരത്തെ ദേശീയ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 13 മത്സരങ്ങളിൽ 33.66 ശരാശരിയിൽ 303 റണ്സാണ് താരം നേടിയത്.