മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരന്പരകൾക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ അവസാന രണ്ട് ഏകദിനത്തിലും ട്വന്റി-20 പരന്പരയിലും വിശ്രമത്തിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തി.
ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിനത്തിലും ന്യൂസിലൻഡിനെതിരേയും നടന്നമത്സരങ്ങളിൽ വിശ്രമിച്ച ജസ്പ്രീത് ബുംറയും ടീമിലുണ്ട്. ഓസീസ് പര്യടനത്തിനിടെ ടീമിൽനിന്ന് പുറത്തായ കെ.എൽ. രാഹുലിനെ തിരിച്ചു വിളിച്ചു. ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെയെ ട്വന്റി-20 ടീമിലുൾപ്പെടുത്തി. ഇംഗ്ലണ്ട് ലയണ്സിനെതിരായ പ്രകടനമാണിവരെ തുണച്ചത്.
പേസർ ഭുവനേശ്വർ കുമാറിന് ട്വന്റി-20 പരന്പരയിലും ആദ്യ രണ്ട് ഏകദിനങ്ങളിലും വിശ്രമം അനുവദിച്ചു. സിദ്ധാർഥ് കൗൾ പകരം ടീമിലുൾപ്പെട്ടു. അതേസമയം, ന്യൂസിലൻഡ് പര്യടനത്തിലുണ്ടായിരുന്ന ഖലീൽ അഹമ്മദ് പുറത്തായി. ദിനേശ് കാർത്തികിന് ഏകദിന ടീമിൽ ഇടം ലഭിച്ചില്ല. എന്നാൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ഉൾപ്പെടുത്തി. രണ്ട് ട്വന്റി-20 മത്സരങ്ങളും അഞ്ച് ഏകദിനവുമാണ് ഇന്ത്യ-ഓസ്ട്രേലിയ പരന്പരയിലുള്ളത്. 24ന് വിശാഖപട്ടണത്ത് ട്വന്റി-20 മത്സരത്തോടെ പരന്പരയ്ക്ക് തുടക്കമാകും.
ട്വന്റി-20 ടീം: കോഹ്ലി, രോഹിത്, കെ.എൽ. രാഹുൽ, ധവാൻ, പന്ത്, കാർത്തിക്, ധോണി, ഹാർദിക് പാണ്ഡ്യ, കൃണാൽ, വിജയ് ശങ്കർ, ചാഹൽ, ബുംറ, ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ, മായങ്ക് മാർക്കണ്ഡെ.
ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീം: കോഹ്ലി, രോഹിത്, ധവാൻ, അന്പാട്ടി റായുഡു, കേദാർ ജാദവ്, ധോണി, ഹാർദിക്, ബുംറ, ഷാമി, ചാഹൽ, കുൽദീപ്, വിജയ് ശങ്കർ, പന്ത്, സിദ്ധാർഥ് കൗൾ, രാഹുൽ. (അവസാന മൂന്ന് ഏകദിനത്തിൽ കൗളിനു പകരം ഭുവനേശ്വർ കുമാർ).