പൂന: ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പിൽ ഇന്ത്യ ജയം ഉറപ്പിച്ചപ്പോൾ മത്സരത്തിന്റെ അവസാനം ആരാധകർ ഉറ്റുനോക്കിയത് വിരാട് കോ ഹ്ലി സെഞ്ചുറി അടിക്കുമോ എന്നാണ്.
മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ പത്തിൽ താഴെ റണ്‍സ് മാത്രമുള്ളപ്പോൾ കോഹ്ലി സെഞ്ചുറിക്ക് തൊട്ടരികിലായിരുന്നു. കോഹ്ലിക്ക് സെഞ്ചുറി തികയ്ക്കുന്നതിന് മികച്ച പിന്തുണയുമായാണ് കെ. എൽ. രാഹുൽ മറുവശത്ത് നിലയുറപ്പിച്ചിരുന്നത്.
വൈഡോ, ഇതോ!
കോഹ്ലി 97 റണ്‍സിൽ നിൽക്കേ, ടീമിന് ജയിക്കാൻ വേണ്ടത് രണ്ടു റണ്‍സ് മാത്രം. 42-ാം ഓവർ എറിയാൻ എത്തിയത് നസും അഹമ്മദാണ്. എല്ലാവരും കോഹ്ലി ഇപ്പോൾ സിക്സ് അല്ലെങ്കിൽ ബൗണ്ടറി കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.
ആദ്യ പന്ത് തന്നെ നസും ലെഗ് സൈഡിലേക്കെറിഞ്ഞു. ഇത് വൈഡാണെന്നാണ് കോഹ്ലി പോലും കരുതിയത്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അന്പയർ റിച്ചാർഡ് കെറ്റിൽബറോ വൈഡ് വിളിച്ചില്ല. ഇത് ഏവരെയും ഞെട്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഇതിനുപിന്നാലെ ഡ്രസിംഗ് റൂമിൽ ചിരിക്കുന്നതും കാണാമായിരുന്നു.
ചിരിയോ ചിരി…
അന്പയറുടെ വ്യത്യസ്തമായ മുഖഭാവവും കാമറ കൃത്യമായി ഒപ്പിയെടുത്തു. അന്പയർ കോഹ്ലിയുടെ സെഞ്ചുറിക്ക് കണ്ണടച്ചെന്ന് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ കുറിച്ചു.
അന്പയറുടെ തീരുമാനം ശരിവച്ചും വിമർശിച്ചും ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ കൊഴുക്കുകയാണ്. ഓവറിലെ മൂന്നാം പന്തിൽ സിക്സടിച്ചുകൊണ്ട് കോഹ്ലി സെഞ്ചുറി തികയ്ക്കുകയും ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.
സത്യത്തിൽ കോഹ്ലിയുടെ സെഞ്ചുറിക്കായി അന്പയർ മനപ്പൂർവം വൈഡ് വിളിക്കാതിരിക്കുകയായിരുന്നോ? വസ്തുത അറിയാം. നിയമപരമായി പരിശോധിക്കുന്പോൾ അത് വൈഡാണ്. എന്നാൽ അന്പയർ നിയമപരമായി തന്നെയാണ് ആ പന്ത് വൈഡ് വിളിക്കാഞ്ഞതെന്നാണ് ക്രിക്കറ്റ് നിയമങ്ങൾ ചൂണ്ടിക്കാട്ടി വിദഗ്ധർ പറയുന്നത്.
ചട്ടം പറയുന്നത്
ആധികാരികമായി ക്രിക്കറ്റ് നിയമങ്ങൾ തയാറാക്കിയിട്ടുള്ള എംസിസി നിയമപ്രകാരം ഒരാൾ പന്തെറിയുന്പോൾ ബാറ്റർ എവിടെയാണോ നിൽക്കുന്നത് അവിടേക്ക് തന്നെയാണ് പന്ത് ചെല്ലുന്നതെങ്കിൽ അത് വൈഡായി കണക്കാക്കേണ്ടതില്ല. എംസിസി ക്രിക്കറ്റ് നിയമം 22.1 ഭേദഗതിയിലാണ് ഇത് പറയുന്നത്.
ബൗളർ റണ്ണപ്പ് നടത്തുന്പോൾ ബാറ്റർ വൈഡിന് വേണ്ടി ഒഴിഞ്ഞ് മാറിയാൽ അനുവദിക്കേണ്ടതില്ലെന്ന നിയമപ്രകാരമാവും അന്പയറുടെ തീരുമാനം വന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ബംഗ്ലാദേശ് ബൗളർ നാസും അഹമ്മദിന്റെ പന്ത് കോഹ്ലി അൽപം ചെരിഞ്ഞതു കൊണ്ടാണ് ലെഗ് സൈഡിലൂടെ വൈഡായി മാറിയത്. ബാറ്റർ ചെരിഞ്ഞില്ലായിരുന്നുവെങ്കിൽ അത് പാഡിൽ കൊണ്ടേനെ. ഇതിനാലാണ് വൈഡ് അനുവദിക്കാതിരുന്നത്.
തുണച്ചത്…
വിവാദമായ പന്ത് നേരിടുന്പോൾ കോഹ്ലി സ്വാഭാവിക സ്റ്റാന്റിംഗിൽ നിന്ന് അൽപ്പം മാറിയാണ് നിന്നത്. അതുകൊണ്ടുതന്നെ പന്ത് കടന്നുപോയത് കോഹ്ലിയുടെ ആദ്യ സ്റ്റാന്റിംഗിന്റെ ദിശയിലാണ്. ഈ സാഹചര്യത്തിൽ അന്പയർക്ക് യുക്തിക്കനുസരിച്ച് തീരുമാനമെടുക്കാം. വൈഡ് നിയമത്തിലെ ഭേദഗതിയാണ് യഥാർഥത്തിൽ കോഹ്ലിക്ക് തുണയായത്.