കേരളത്തെയും കേരളജനതയെയും പുകഴ്ത്തിയും അഭിനന്ദിച്ചും ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമുകളും ബിസിസിഐയും. ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് കോഹ്ലി ഇക്കാര്യം എടുത്തു പറഞ്ഞ് കേരളത്തെ പുകഴ്ത്തിയത്.
പ്രളയദുരിതത്തില്‍ കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് കോഹ്ലി. കേരളം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇവിടം പൂര്‍ണ സുരക്ഷിതമാണെന്നും ഇന്ത്യന്‍ നായകന് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നല്കിയ വരവേല്‍പ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം നന്ദി പ്രകടിപ്പിച്ചു.
വിമാനത്താവളത്തിലും കോവളം ലീലാ റാവിസ് ഹോട്ടലിലും ലഭിച്ച വമ്പന്‍ വരവേല്‍പ്പ് മാത്രമല്ല, കേരളം മൊത്തത്തില്‍ ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലിയെ ആകര്‍ഷിച്ചിരിക്കുകയാണ്. അതിന്റെ സന്തോഷം ഉള്‍ക്കൊണ്ടാണ് ലീലാ ഹോട്ടലിലെ ബുക്കില്‍ സ്വന്തം കൈപ്പടയില്‍ കോഹ്ലി ഇങ്ങനെ എഴുതിയത്.
ഇവിടെ വരുന്നതും ഇവിടെ നിന്ന് ലഭിക്കുന്ന ഉണര്‍വും ഞാന്‍ വളരയെധികം ഇഷ്ടപ്പെടുന്നു. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. കേരളത്തിന്റെ സൗന്ദര്യവര്‍ണന മാത്രമല്ല, പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന്റെ ഒരുമയ്ക്കും കോഹ്ലിയുടെ വക അഭിനന്ദനമുണ്ട്.
കേരളം തീര്‍ച്ചയായും തിരിച്ചുവരവിന്റെ പാതയിലാണ്. ഇവിടം സന്ദര്‍ശിക്കാന്‍ പൂര്‍ണ സുരക്ഷിതവുമാണ്. ഇതായിരുന്നു പ്രളയ ദുരിതത്തില്‍ ഐക്യപ്പെട്ടുള്ള കോഹ്ലിയുടെ വാചകങ്ങള്‍. തിരുവനന്തപുരത്ത് ലഭിച്ച ഊഷ്മള വരവേല്പ്പിന് നന്ദി പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ടീം ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം സന്തോഷം പങ്കുവച്ചു. കേരളം വീടുപോലെയാണ് ഫീല്‍ ചെയ്യുന്നതെന്നാണ് അവര്‍ കുറിച്ചത്.
അതേസമയം തിരുവനന്തപുരത്ത് താരങ്ങള്‍ക്ക് നല്കിയ ഗംഭീര സ്വീകരണത്തിന് ബിസിസിഐയും നന്ദി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ടീമുകളെ ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. രാവിലെ തന്നെ ആരാധകര്‍ വിമാനത്താവളത്തിന് പരിസരത്ത് തമ്പടിച്ചിരുന്നു. ദേശീയ പതാകയുമായായിരുന്നു ആരാധകര്‍ താരങ്ങളെ കാണാനെത്തിയത്.
പ്രിയതാരങ്ങള്‍ പുറത്തിറങ്ങിയതോടെ കൈയടികളുയര്‍ന്നു. കോഹ്ലിയുടെ നേതൃത്വത്തിലെത്തിയ ടീം അംഗങ്ങള്‍ കോവളത്തെ ഹോട്ടലിലേക്കാണ് വിമാനത്താവളത്തില്‍ നിന്നു പോയത്. കോവളത്തെത്തിയ ടീമുകളെ സ്വീകരിക്കാന്‍ ഹോട്ടലും പരിസരവും തയ്യാറായിരുന്നു. മാലയിട്ട്, വിജയതിലകം ചാര്‍ത്തിയായിരുന്നു താരങ്ങളെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ചെണ്ടമേളങ്ങളും ആര്‍പ്പുവിളികളും ഇവിടെയും ഉണ്ടായിരുന്നു.