മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കു കളത്തിനു പുറത്ത് ഒരു സെഞ്ചുറി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 100 മില്യണ്‍ (10 കോടി) ഫോളോവേഴ്സ് ഉള്ള ആദ്യ ക്രിക്കറ്റ് താരം എന്ന റിക്കാർഡ് കോഹ്ലി കുറിച്ചു.
ഇൻസ്റ്റയിൽ 10 കോടി ഫോളോവേഴ്സ് ഉള്ള ഏഷ്യ-പസഫിക് മേഖലയിലെ ആദ്യവ്യക്തി എന്ന നേട്ടവും മുപ്പത്തിരണ്ടുകാരനായ കോഹ്ലി ഇതോടെ സ്വന്തമാക്കി. കോഹ്ലി ഉൾപ്പെടെ ഏഴു പേർക്കു മാത്രമാണ് 10 കോടി ഫോളോവേഴ്സ് ക്ലബ്ബിലുള്ളത്.
കോഹ്ലി ഇൻസ്റ്റഗ്രാം പിന്തുടർച്ചക്കാരുടെ എണ്ണത്തിൽ 10 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി ഐസിസി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
2008 അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയതിന്റെ വാർഷികമായ ഇന്നലെയാണ് ഇൻസ്റ്റയിൽ 100 മില്യണ്‍ ഫോളോവേഴ്സ് ക്ലബ്ബിൽ എത്തിയതായി ഐസിസി പോസ്റ്റ് ചെയ്തത്.
ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന കായികതാരങ്ങളിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് കോഹ്ലി.
ബോളിവുഡ് സൂപ്പർ താരങ്ങൾക്കുപോലും സാധിക്കാത്ത ആരാധക പിന്തുടർച്ചയാണ് കോഹ്ലിക്കുള്ളത് എന്നതാണു ശ്രദ്ധേയം.
ഫുട്ബോൾ സൂപ്പർ താരങ്ങളായ യുവന്റസിന്റെ പോർച്ചുഗൽ സ്റ്റാർ ക്രിസ്റ്റ്യാനൊ റൊണാൾഡോ, ബാഴ്സലോണയുടെ അർജന്‍ന്റൈൻ താരം ലയണൽ മെസി, പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർ എന്നിവർ മാത്രമാണ് 10 കോടി ഫോളോവേഴ്സ് ക്ലബ്ബിലുള്ള കായികപ്രതിഭകൾ.
ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോണ്സണ് (ദ റോക്ക്), അമേരിക്കൻ പോപ് താരങ്ങളായ ബിയോണ്‍സ്, അരിയാന ഗ്രാൻഡെ എന്നിവരാണ് 100 മില്യണ്‍ ഇൻസ്റ്റ ഫോളോവേഴ്സുള്ള മറ്റ് താരങ്ങൾ. ഇൻസ്റ്റഗ്രാമിന് 38.7 കോടി (387 മില്യണ്‍) ഫോളോവേഴ്സ് ഉണ്ട്.