ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്ന കാഴ്ച രസമുള്ളതാണെന്ന് ന്യൂസിലൻഡ് പേസർ ടിം സൗത്തി. ഏറെ ദൗർബല്യങ്ങളൊന്നുമില്ലാത്ത ക്ലാസ് കളിക്കാരനാണ് കോഹ്ലി.
വിക്കറ്റെടുക്കുകയാണ് നമ്മുടെ ജോലി. കോഹ്ലിയുടേതാവുന്പോൾ സന്തോഷം കൂടും. അദ്ദേഹം ഒൗട്ടായി മടങ്ങുന്നത് കാണുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്- സൗത്തി പറഞ്ഞു.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്നതിന്റെ റിക്കാർഡ് ടിം സൗത്തി സ്വന്തമാക്കിയിരുന്നു.
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്ലിയെ പുറത്താക്കിയതോടെയാണ് സൗത്തി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഒന്‍പത് തവണയാണ് സൗത്തിക്ക് മുന്പിൽ കോഹ്ലി മുട്ടുമടക്കിയത്.
ഏകദിനത്തിൽ ആറാം തവണയായിരുന്നു കോഹ്ലി കിവീസ് പേസറിനു മുന്നിൽ തലകുനിക്കുന്നത്. ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിലായി മൂന്ന് തവണയും ഇന്ത്യൻ ക്യാപ്റ്റനെ സൗത്തി പുറത്താക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണ്, ഗ്രെയിം സ്വാൻ എന്നിവർക്കൊപ്പം എട്ട് തവണ വീതം കോഹ്ലിയെ പുറത്താക്കി റിക്കാർഡ് പങ്കിടുകയായിരുന്നു സൗത്തി.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ കോഹ്ലിയെ പുറത്താക്കിയ ബൗളറെന്ന വെസ്റ്റ് ഇൻഡീസുകരൻ രവി രാംപോളിന്റെ (ആറ് തവണ) നേട്ടത്തിനൊപ്പവും സൗത്തി എത്തി.
മൂന്ന് ഫോർമാറ്റിലുമായി ഓസ്ട്രേലിയയുടെ നഥാൻ ലിയോണ്‍, ആദം സാംപ, ദക്ഷിണാഫ്രിക്കയുടെ മോണ്‍ മോർക്കൽ എന്നിവർ ഏഴ് തവണ വീതം കോഹ്ലിയെ പുറത്താക്കിയിട്ടുണ്ട്.