സിഡ്നി: 14 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയർകൊണ്ട് വിരാട് കോഹ്ലി വളർത്തിയെടുത്തൊരു സൂപ്പർസ്റ്റാർ ബ്രാൻഡുണ്ട്. റണ്‍ചേസിലെ വിരാടവീര്യം ഈ ബ്രാൻഡിന്റെ അഴകായി തലയുയർത്തി നിൽക്കും.
2019 നവംബറിനുശേഷം റണ്‍ചേസിൽ കോഹ്ലി അല്പം പിന്നോട്ടു പോയിരുന്നു. ഇക്കാലത്ത് താരം ഭേദപ്പെട്ട സ്കോർ കണ്ടെത്തി (70-80 റണ്‍സ്) യെങ്കിലും സെഞ്ചുറി പിറന്നില്ല; കാരണം, അതായിരുന്നു കോഹ്ലിയുടെ നിലവാരമാപിനിയായി ആരാധകർ കണ്ടിരുന്നത്.
2022 കോഹ്ലിയുടെ കരിയറിലെ നിർണായക വർഷമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങാൻ അദ്ദേഹത്തിനായില്ല (22.73 റണ്‍ ശരാശരിയിൽ 341). തൊട്ടടുത്തുവന്ന ഇംഗ്ലണ്ടിനെതിരായ പരന്പരയിലും ശോഭിച്ചില്ല.
കോഹ്ലിയെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തരുതെന്നുവരെ മുറവിളിയുണ്ടായി. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരന്പരയിലും സിംബാബ്വെയ്ക്കെതിരായ ഏകദിന പരന്പരയിലും അദ്ദേഹം കളിച്ചില്ല.
എന്നാൽ ഏഷ്യാ കപ്പിൽ വിരാട് ഒരു വരവ് വന്നു; ട്വന്റി20 കരിയറിലെ ആദ്യ സെഞ്ചുറിയോടെ.ശേഷം ലോകകപ്പ്. ഒക്ടോബർ 23നു കളമൊരുങ്ങി.
കോഹ്ലി ലോകത്തിനു കാണിച്ചുകൊടുത്തു, 90,000 കാണികൾക്കു മുന്നിൽ മറ്റാർക്കും സാധിക്കാത്ത രീതിയിൽ രാജവാഴ്ച; അതും ചിരവൈരികളായ പാക്കിസ്ഥാനെതിരേ.
ഏഴാം ഓവറിൽ 31/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെയാണു കോഹ്ലിയും ഹാർദിക് പാണ്ഡ്യയും കൈപിടിച്ചു കയറ്റിയത്.
റണ്‍ചേസ് കൊടുന്പിരികൊണ്ട അവസാന ഓവറുകളിൽ കോഹ്ലി തന്റെ ക്ലാസ് വ്യക്തമാക്കി. മോശം പന്തുകൾ തുടർച്ചയായി ബൗണ്ടറി കടന്ന് ആരാധകർക്കിടയിലെത്തി.
ഒന്നും രണ്ടും റണ്‍സ് സ്കോർ ബോർഡിൽ തുടരെ ചേർന്നുകൊണ്ടിരുന്നു. എട്ടു പന്തിൽ 28 റണ്‍സ് വേണമെന്നിരിക്കെ കോഹ്ലി തന്റെ ചേസിംഗിലെ മാസ്റ്റർപദവി ഒന്നുകൂടി ഉറപ്പിച്ചു;
ഹാരിസ് റൗഫിനെ തുടർച്ചയായി സിക്സർ പായിച്ച്. അതും ബാക്ക്ഫുട്ടിലെ ആ അസാധ്യ ഷോട്ട് ഉൾപ്പെടെ.പിന്നെയെല്ലാം, വിജയമുൾപ്പെടെ ഇന്ത്യയുടെ വഴിയേവന്നു. 53 പന്തിൽ 82 റണ്‍സിന്റെ വിജയസാക്ഷിയായി വിരാട് ബാക്കി.
പാക്കിസ്ഥാനെതിരായ തന്റെ ഇന്നിംഗ്സിനെ കരിയറിലെതന്നെ ഏറ്റവും മികച്ച ഇന്നിംഗ്സായി കോഹ്ലി വിശേഷിപ്പിച്ചതിൽ ഒട്ടും അതിശയപ്പെടാനില്ല; കാരണം ഇത് ഇന്ത്യൻ ക്രിക്കറ്റിലെ രാജാവിന്റെ തിരിച്ചുവരവായിരുന്നു അത്.
പഴങ്കഥയായ റിക്കാർഡുകൾ
ട്വന്റി20 ക്രിക്കറ്റിലെ ഉയർന്ന റണ്‍ സ്കോററായി കോഹ്ലി (3794). മറികടന്നത് രോഹിത് ശർമയെ.കോഹ്ലി പ്ലെയർ ഓഫ് ദി മാച്ചാകുന്നത് 14-ാം തവണ; റിക്കാർഡ്. പിന്നിലാക്കിയത് അഫ്ഗാൻ താരം മുഹമ്മദ് നബിയെ (13).
ട്വന്റി20 ലോകകപ്പിൽ കോഹ്ലിയുടെ ആറാം പ്ലെയർ ഓഫ് ദി മാച്ച്; റിക്കാർഡ്.ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഉയർന്ന റണ്‍ സ്കോറർ (927). പിന്നിലായത് രോഹിത് ശർമ (851).