ടാറ്റൂകളോടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്ലിയുടെ ഇഷ്ടം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി ടാറ്റൂകള്‍ ഉണ്ട്. കോഹ്ലിയുടെ ആരാധകരും അവ ഇഷ്ടപ്പെടുന്നു.
അടുത്തിടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 ന് മുന്നോടിയായി അദ്ദേഹം തന്റെ കൈയില്‍ പുതിയ ടാറ്റൂ പതിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അതിന്റെ അര്‍ഥം അറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ടായി.
ഏലിയന്‍സ് ടാറ്റൂവിന്റെ ഉടമയും സ്ഥാപകനുമായ സണ്ണി ഭാനുശാലിയാണ് വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂവിനായി മഷി പുരട്ടിയത്. കുറച്ചുവര്‍ഷങ്ങളായി ടാറ്റൂ രംഗത്തുള്ള സണ്ണിയുടെ വര്‍ക്കുകള്‍ കോഹ്ലി ശ്രദ്ധിക്കാറുണ്ടയിരുന്നത്രെ.
അത് തനിക്ക് അദ്ഭുതമായിത്തോന്നിയെന്ന് ഭാനുശാലി പറഞ്ഞു. വിരാഷ് കോഹ്ലി ഏറെ വിനയാനിത്വനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ ടാറ്റൂ ചെയ്യുന്ന സമയത്തെല്ലാം കോഹ്ലി പൂര്‍ണമായി സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കോഹ്ലിയുടെ തിരക്ക് നിമിത്തം ഈ ടാറ്റൂ ചെയ്യാന്‍ കുറച്ച് നാളെടുത്തത്രെ. ആദ്യം മൂംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ വച്ചും പിന്നെ ബംഗളുരുവിലെ സ്റ്റുഡിയോയയില്വച്ചുമാണ് ഈ ടാറ്റൂ പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിക്കാൻ എട്ടുമണിക്കൂറിലധികം സമയമെടുത്തത്രെ.
ഈ സമയമത്രയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നിട്ടും, വിരാട് ഒരിക്കല്‍ പോലും പരാതിപ്പെടുകയോ ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്തില്ല.
എല്ലാ വസ്തുക്കളുടെയും പരസ്പര ബന്ധത്തെയും സൃഷ്ടിയുടെ ഉറവിടത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് പുതിയ ടാറ്റുവെന്ന് ഭാനുശാലി പറയുന്നു.
ഏതായാലും പൂര്‍ത്തീകരിച്ചപ്പോള്‍ ടാറ്റൂ കോഹ്ലിയുടെയും ആരാധകരുടെയും മനം കവര്‍ന്നെന്ന് നിസംശയം പറയാം.