കോല്‍ക്കത്ത: 35-ാം ജന്മദിനത്തില് 49-ാം ഏകദിന സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ മിന്നും ബാറ്റിംഗ്. ഐസിസി ഏകദിന ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ ഇറങ്ങിയപ്പോള്‍ ആരാധകര്‍ കാത്തിരുന്നത് കോഹ്ലിയുടെ സെഞ്ചുറിക്കായി.
ആ കാത്തിരിപ്പ് ഈഡന് ഗാന്‍ഡന്‍സില്‍ സഫലമായി. 121 പന്ത് നേരിട്ട്, 10 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. അതോടെ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ചുറി എന്ന റിക്കാര്‍ഡിനൊപ്പം കിംഗ് കോഹ്ലിയും എത്തി.
കോഹ്ലി മുന്നില്‍നിന്ന് പട നയിച്ചപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് സ്വന്തമാക്കി. തുടര്‍ന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മികവില്‍ ഇന്ത്യ 27.1 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 83ന് എറിഞ്ഞിട്ടു. കോഹ്ലിയുടെ ജന്മദിനാഘോഷത്തിന് ഇരട്ടി മധുരമേകി 243 റണ്‍സിന്റെ കൂറ്റന്‍ ജയവും ഇന്ത്യ സ്വന്തമാക്കി. ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയം.
വെടിക്കെട്ട് തുടക്കം
ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കൊ യാന്‍സണും ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ സഖ്യവും തമ്മിലുള്ള പോരാട്ടമായിരുന്നു ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത്. ഈ ലോകകപ്പില്‍ 16 പേരെ പുറത്താക്കി വിക്കറ്റ് നേട്ടത്തില്‍ മുന്‍പന്തിയിലുള്ള യാന്‍സണിന്റെ ഏറ്റവും ദയനീയ ഓപ്പണിംഗ് ഓവറായിരുന്നു ഈഡന് ഗാര്‍ഡന്‍സില്‍ കണ്ടത്. യാന്‍സണിന്റെ ആദ്യ ഓവറില്‍ പിറന്നത് 17 റണ്‍സ്. ഏഴ് റണ്‍സില്‍ കൂടുതല്‍ ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളില്‍ വഴങ്ങാതിരുന്ന യാന്‍സണിന്റെ ഗതികേട് ആദ്യ ഓവറില്‍ തുടങ്ങുകയായിരുന്നു. 9.4 ഓവറില്‍ 94 റണ്‍സ് വഴങ്ങിയ യാന്സണ് ആയിരുന്നു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവും പ്രഹരമേറ്റ ബൗളര്‍.
24 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 40 റണ്‍സ് നേടിയ രോഹിത് ശര്‍മയും 24 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 23 റണ്‍സ് നേടിയ ഗില്ലും പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 10.3 ഓവറില്‍ 93. ആദ്യ വിക്കറ്റില്‍ 5.5 ഓവറില്‍ 62 റണ്‍സ് നേടിയശേഷമാണ് രോഹിത്-ഗില്‍ കൂട്ടുകെട്ട് പിരിഞ്ഞത്.
6000 കോഹ്ലി
രോഹിത് ശര്‍മയുടെ ആധികാരിക ഇന്നിംഗ്സിനു പിന്നാലെയാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. മുംബൈയില്‍ ശ്രീലങ്കയ്ക്കെതിരേ (88) നഷ്ടപ്പെട്ട 49-ാം സെഞ്ചുറിയിലേക്ക് വിരാട് കോഹ്ലി ശ്രദ്ധയോടെ ബാറ്റ് ചലിപ്പിച്ചു. ഏകദിന ക്രിക്കറ്റില്‍ 50+ സ്കോര്‍ ഇത് 119-ാം തവണയാണ് കോഹ്ലി നേടിയത്. ഇക്കാര്യത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ മാത്രമേ (145) ഇനി കോഹ്ലിക്ക് മുന്നിലുള്ളൂ. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ (118) ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്നിംഗ്സിലൂടെ കോഹ്ലി പന്തള്ളി.
ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ 6000 റണ്‍സ് ക്ലബ്ബിലും കോഹ്ലി എത്തി. സച്ചിന് തെണ്ടുല്‍ക്കര്‍ മാത്രമാണ് (6,976) ഹോം ഗ്രൗണ്ടില്‍ 6000ല്‍ അധികം ഏകദിന റണ്‍സുള്ള ബാറ്റര്‍.
അയ്യര്‍ ദ ഗ്രേറ്റ്
കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 56 പന്തില്‍ 82 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ് അയ്യര്‍ ഇന്നലെയും മിന്നും ഫോമിലായിരുന്നു. 87 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 77 റണ്‍സ് ശ്രേയസ് അയ്യര്‍ അടിച്ചെടുത്തു. കോഹ്ലി-ശ്രേയസ് അയ്യര്‍ മൂന്നാം വിക്കറ്റില്‍ 158 പന്തില്‍ 134 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
ഈ കൂട്ടുകെട്ടില്‍ 49 റണ്‍സ് മാത്രമായിരുന്നു കോഹ്ലിയുടെ സംഭാവന. ആദ്യ ബൗണ്ടറി നേടുന്നതുവരെ 35 പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. എന്നാല്‍, തുടര്‍ന്ന് 52 പന്തില്‍ 65 റണ്‍സ് അടിച്ചുകൂട്ടി എന്നതാണ് ശ്രദ്ധേയം.
കെ.എല്‍. രാഹുല്‍ (8) വേഗം പുറത്തായെങ്കിലും സൂര്യകുമാര്‍ യാദവ് (14 പന്തില്‍ 22), രവീന്ദ്ര ജഡേജ (15 പന്തില്‍ 29 നോട്ടൗട്ട്) എന്നിവരുടെ ആക്രമണ ബാറ്റിംഗ് ഇന്ത്യന്‍ സ്കോര്‍ 326ല്‍ എത്തിച്ചു.
എറിഞ്ഞോടിച്ചു
ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് പേസ് ത്രയത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്വിന്റണ്‍ ഡികോക്ക് (10 പന്തില്‍ അഞ്ച്) സിറാജിന്റെ പന്തില്‍ ഇന്‍സൈഡ് എഡ്ജിലൂടെ ബൗള്‍ഡായി പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിധി തീരുമാനമായി.
ബൗളിംഗ് ചെയ്ഞ്ചായി എത്തിയ രവീന്ദ്ര ജഡേജ പ്രോട്ടീസ് ക്യാപ്റ്റന്‍ തെംബ ബൗമയെ (11) ബൗള്‍ഡാക്കി. ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റിംഗ് കരുത്തായ റസീ വാന്‍ഡെര്‍ ഡസന്‍ (13), എയ്ഡന്‍ മാര്‍ക്രം (9) എന്നിവരെ മുഹമ്മദ് ഷമിയും ഹെന് റിച്ച് ക്ലാസനെ (1) ജഡേജയും മടക്കിയതോടെ 13.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന ദയനീയ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറിനെയും (11) ജഡേജ ബൗള്‍ഡാക്കി.
രവീന്ദ്രജാലം
മുഹമ്മദ് സിറാജായിരുന്നു ഇന്ത്യന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതെങ്കിലും ദക്ഷിണാഫ്രിക്കയെ കടപുഴക്കിയത് രവീന്ദ്ര ജഡേജയുടെ സ്പിന്‍ ആക്രമണമായിരുന്നു. ഒമ്പത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയ ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. 5.1 ഓവറില്‍ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റുമായി കുല്‍ദീപ് യാദവും കളംവാണതോടെ സ്പിന്നര്‍മാര്‍ പങ്കിട്ടത് ഏഴ് വിക്കറ്റ്. ഷമി രണ്ടും സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
തെംബ ബൗമ (11), ക്ലാസന് (1), മില്ലര്‍ (11), കേശവ് മഹാരാജ് (7), റബാദ (6) എന്നിവരെയാണ് ജഡേജ മടക്കിയത്. 14 റണ്‍സ് നേടിയ മാര്‍ക്കൊ യാന്സണ് ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
ഇന്ത്യയുടെ തന്ത്രം
കോൽക്കത്ത: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തത് തന്ത്രപരമായ നീക്കമായിരുന്നു. ചേസിംഗില്‍ ദക്ഷിണാഫ്രിക്കയുടെ ബലഹീനത മനസിലാക്കിയുള്ള നീക്കമാണ് ഇന്ത്യ നടത്തിയത്. ഈ ലോകകപ്പില്‍ ചേസിംഗ് നടത്തിയപ്പോഴെല്ലാം പ്രോട്ടീസ് വിഷമിച്ചു.
നെതര്‍ലന്‍ഡ്സ് മുന്നോട്ടുവച്ച 246 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ 38 റണ്‍സ് തോല്‍വിയും വഴങ്ങി. പാക്കിസ്ഥാനെതിരേ മാത്രമാണ് ചേസിംഗിലൂടെ ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ജയിച്ചത്. 271 പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റിന്റെ ജയത്തിലെത്താനേ സാധിച്ചിരുന്നുള്ളൂ.