ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ കൂടെ അഭിനയിക്കാമെന്ന് സമ്മതിച്ചാൽ കാമറക്ക് മുന്നിലെത്താൻ ഒരുക്കമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലി.
ഫുട്ബോൾ സൂപ്പർ താരം സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ജീവചരിത്രം സിനിമയാക്കുകയാണെങ്കിൽ നായകവേഷത്തിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു കോഹ്ലിയുടെ പ്രതികരണം.
അനുഷ്ക കൂടെയുണ്ടാകുമെങ്കിൽ ഞാൻ തീർച്ചയായും ജീവചരിത്ര സിനിമയിൽ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാൻ ഞാനാഗ്രഹിക്കുന്നു.
എനിക്ക് എന്റെ ജീവചരിത്ര സിനിമയിൽ അഭിനയിക്കാൻ കഴിയും. കാരണം എന്റെ റോൾ നന്നായി ചെയ്യാൻ എനിക്കാവുമെന്നാണ് പ്രതീക്ഷ. എന്റെ റോൾ എന്നേക്കാൾ നന്നായി ചെയ്യുന്ന വേറെ ആളുണ്ടെങ്കിൽ ഞാൻ കൊള്ളരുതാത്തവനാവും.
എനിക്ക് അഭിനയിക്കാം അറിയാം എന്നു കരുതുന്നവരുണ്ട്. പരസ്യങ്ങളിൽ അഭിനയിക്കുക എന്നാൽ എ പോയിന്റിൽ നിന്നു ബി പോയിന്റിലേക്ക് പോവുക എന്നതു മാത്രമാണ്.
ആർക്കും അത് പഠിക്കാവുന്നതേയുള്ളൂ. അഭിനയം ഒരു കലയാണ്. ഞാൻ കലാകാരനല്ല. ഞാനൊരു പ്രൊഫഷണൽ ക്രിക്കറ്ററാണ്- കോഹ്ലി പറഞ്ഞു.