മുംബൈ: ബോളിവുഡ് നടൻ അർമാൻ കോഹ്ലി(49)യെ മയക്കുമരുന്നു കൈവശം വച്ചതിനു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റ് ചെയ്തു.
കോഹ്ലിയുടെ വീട്ടിൽ ശനിയാഴ്ച വൈകുന്നേരം എൻസിബി സംഘം നടത്തിയ കൊക്കെയ്ൻ പിടികൂടിയിരുന്നു. തുടർന്നു നടനെ എൻസിബി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച വരെ കോഹ്ലിയെ എൻസിബി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻജ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിഎസ്) ആക്ട് പ്രകാരമാണു കോഹ്ലിക്കെതിരേ കേസെടുത്തത്.
ടിവി താരം ഗൗരവ് ദീക്ഷിതിനെ എൻസിബി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതോടെയാണു കോഹ്ലിക്കെതിരേ അന്വേഷണമുണ്ടായത്.
പ്രധാന മയക്കുമരുന്ന് വ്യാപാരി അജയ് രാജു സിംഗിനെ ശനിയാഴ്ച എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളും കോഹ്ലിയെക്കുറിച്ച് അന്വേഷണ ഏജൻസിക്കു വിവരം നല്കിയിരുന്നു.
സൽമാൻ ഖാൻ ചിത്രമായ “പ്രേം രതൻ ധൻ പായോ’എന്നിവ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ കോഹ്ലി അഭിനയിച്ചിട്ടുണ്ട്.
1982ൽ ബാലതാരമായാണ് കോഹ്ലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടിവി റിയാലിറ്റി ഷോ ആയി ബിഗ് ബോസിലെ മത്സരാർഥിയായിരുന്നു ഇദ്ദേഹം.
പ്രമുഖ സംവിധായകൻ രാജ്കുമാർ കോഹ്ലിയുടെയും നടി നിഷിയുടെയും മകനാണ് അർമാൻ.