കൊയിലാണ്ടി: വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം പോലീസ് കണ്ടെത്തി. ബാലുശ്ശേരി തുരിത്യാട് പഴങ്ങാടത്ത് ബാലകൃഷ്ണന്റെയും, ഇന്ദിരയുടെയും മകന് നിധിന്റെ അപകട മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം തിരിച്ചറിയുകയും ഡ്രൈവറെ പോലീസ് പിടികൂടുകയും ചെയ്തത്.
പട്ടേല്‍ ട്രാവല്‍സിന്റെ എം.എച്ച്.09.ഇ.എം.4466 നമ്പര്‍ ട്രക്കാണ് അപകടം വരുത്തിയത്. മഹാരാഷ്ട്രയില്‍ വെച്ചാണ് വാഹനം തിരിച്ചറിയുന്നത്. ട്രക്ക് ഡ്രൈവര്‍ മഹാരാഷ്ട്ര കോലാപ്പൂര്‍ മങ്കേഷ്കകര്‍ കോളനിയിലെ നൗഷാദ് ഷെയ്ഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിനു ശേഷം ഏറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം കൊയിലാണ്ടിയിലുടെ ട്രക്ക് കാലിയായി ഓടിച്ച് പോയതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സിഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് വാഹനം കണ്ടെത്താന്‍ കഴിഞ്ഞത്. ജനുവരി 28ന് രാത്രി 12 മണിയോടെ സിവില്‍ സ്റ്റേഷന് വടക്ക് വശം വെച്ചായിരു അപകടം. നിധിന് സഞ്ചരിച്ചബൈക്കില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.
എന്നാല്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് കേസെടുത്ത് വാഹനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 20 ഓളം ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് ട്രക്കും ഡ്രൈവറെയും കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് അന്വേഷണസംഘം മഹാരാഷ്ട്രയില്‍ വച്ച് പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്ഐ കെ.കെ.രാജേഷ് കുമാര്‍, വിജു വാണിയംകുളം, എം.കെ.ശ്രീജിത്ത്. എം.പി.അനൂപ്, രാജേഷ് കുമാര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.