കൊച്ചി: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 66 സ്ത്രീകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളാണിത്. കേസാകാത്ത മരണങ്ങൾ വേറെയുമുണ്ട്.
ഭര്‍ത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ച 15,143 കേസുകൾ അഞ്ചുവര്ഷത്തിനിടെയുണ്ടായി. കഴിഞ്ഞവര്‍ഷം 2,715 കേസുകള്‍ ഉണ്ടായിരുന്നതായും ഈ വർഷം ഇതുവരെ 1,080 കേസുകള്‍ രജിസ്റ്റർ ചെയ്തതായും പോലീസിന്റെ കണക്കുകളില്‍ പറയുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ 784 ബലാല്‍സംഗ കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ തരത്തിലുള്ള പീഡനങ്ങളുടെ പേരില്‍ 1,331 കേസുകളും പെണ്‍കുട്ടികളെ ശല്യം ചെയ്ത സംഭവങ്ങളില്‍ 136 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സ്ത്രീധന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
സ്ത്രീധന നിരോധനനിയമം നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കണ്ട് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ആളുകള്‍ മുന്നോട്ടുവയ്ക്കുന്നത്.
സ്വര്‍ണവും പണവും ഭൂമിയും വാഹനവും ഉള്‍പ്പെടെ നല്കി പെണ്മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്ന സമ്പ്രദായത്തിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സ്ത്രീധന സംസ്കാരത്തെ വിമര്‍ശിച്ചും ചോദ്യം ചെയ്തും സിനിമാതാരങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചു. എന്ത് പ്രശ്നങ്ങള്‍ വന്നാലും ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ സ്ത്രീ ജീവിക്കണമെന്ന ധാരണ മാതാപിതാക്കള്‍ മാറ്റണമെന്നു പലരും അഭിപ്രായപ്പെടുന്നു.