കടുത്തുരുത്തി: ഹരിത കേരളം പദ്ധതിയിലൂടെ മന്ത്രി വിത്തെറിഞ്ഞ പാടം കൊയ്തെടുക്കാൻ ബംഗാളികൾ. പാടത്തെ പണികൾ ചെയ്യാൻ നാട്ടുകാരെ കിട്ടാതായതോടെ ഞാറ് നടാനും പാടം ഉഴാനും ഇതരസംസ്ഥാനക്കാരെ ആശ്രയിച്ച കർഷകർക്ക് നെല്ല് കൊയ്തെടുക്കാനും കൂട്ട് ഇതര സംസ്ഥാനക്കാർ തന്നെ. ഹരിത കേരളം പദ്ധതിയനുസരിച്ചു മാഞ്ഞൂർ പഞ്ചായത്തിലെ മങ്ങാച്ചിറ പാടത്ത് മന്ത്രി കെ.രാജു വിത്തെറിഞ്ഞ നെല്ലാണ് ബംഗാളികൾ കൊയ്തെടുക്കുന്നത്. ഏഴര ഏക്കറോളം വരുന്ന പാടശേഖരം 25 വർഷത്തിലേറേയായി തരിശിട്ടിരിക്കുയായിരുന്നു.
ഹരിത കേരളം പദ്ധതിയിലൂടെ ഇവിടെ കൃഷിയിറക്കാൻ ആറ് പേരാണ് രംഗത്ത് വന്നത്. ടില്ലറെത്തിച്ചു പാടത്തെ കളകളും പുല്ലുമെല്ലാം ഉഴുതു മറിച്ചായിരുന്നു കൃഷി ചെയ്തത്. ചില സ്ഥലങ്ങളിൽ ടില്ലർ അടിക്കാൻ പറ്റാതെ വരികയും ഇത്തരം ഭാഗങ്ങളിൽ കർഷകർ തന്നെ പാടത്തിറങ്ങി ഉഴുതു മറിച്ചുമായിരുന്നു കൃഷി ഇറക്കിയത്. കൂടാതെ കഴിഞ്ഞ ഡിസംബറിൽ വിത നടക്കുന്പോൾ വെള്ളത്തിന്റെ ലഭ്യതയില്ലായ്മയും കർഷകർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ഇത്തരത്തിലുള്ള വിവിധ കാരണങ്ങളാൽ വിത നടത്തിയത് പല ദിവസങ്ങളിലായിരുന്നു. ഡിസംബർ എട്ടിന് പാടത്ത് മന്ത്രിയെത്തി വിതയുടെ ഉദ്ഘാടനം നടത്തി മടങ്ങിയെങ്കിലും പിന്നീട് 18നും 30നുമെല്ലാമായി വിവിധ ഘട്ടങ്ങളിലാണ് ശേഷിക്കുന്ന പാടത്തെ വിത നടത്താനായത്. ഇതോടെ സമീപത്തെ മറ്റു പാടശേഖരങ്ങളുടെ കൊയ്ത്ത് നടന്ന സമയത്ത് മങ്ങാച്ചിറ പാടത്ത് കൊയ്യാനായില്ല.
പല ദിവസങ്ങളിലായി വിത നടത്തിയതിനാൽ യന്ത്രമിറക്കി കൊയ്ത്ത് നടത്താനും പറ്റാത്ത സ്ഥിതിയായിരുന്നു. ഇതോടെ ആളെ വച്ചു കൊയ്ത്ത് നടത്തേണ്ടി വന്നു. എന്നാൽ നാട്ടിൽ നിന്നും പണിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയുണ്ടായതും കൂടാതെ നാട്ടിലെ പണിക്കാരെ കൂലി കൊടുത്ത് നിർത്തിയാലും കൊയ്ത്ത് മുതലാകില്ലെന്നു മനസിലാക്കിയതുമാണ് കൊയ്ത്തിന് ബംഗാളികളെ തന്നെ കൊണ്ടു വരാൻ കാരണമെന്ന് പാടത്തെ കൃഷിക്ക് നേതൃത്വം നൽകിയ അനിൽ പറഞ്ഞു.
450 രൂപയാണ് കൂലി നൽകേണ്ടത്. നാട്ടുകാരായ പത്ത് പേർ നിന്നു കൊയ്തെടുക്കുന്നത്രയും ഏരിയ ബംഗാളികൾ നാലുപേർ പൂർത്തിയാക്കുമെന്നും കൂടാതെ ഇവർക്കൊപ്പം തങ്ങളും വീട്ടുകാരുമെല്ലാം നിന്നാണ് കൊയ്ത്ത് നടത്തുന്നതെന്നും അനിൽ പറഞ്ഞു. കോഴാ സീഡ് ഫാമിൽ നിന്നും മെതിയന്ത്രം എത്തിച്ചിട്ടുണ്ടെന്നും കൊയ്തെടുക്കുന്ന നെല്ല് അപ്പോൾ തന്നെ യന്ത്രാമുപയോഗിച്ചു മെതിച്ചെടുക്കുകയാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കർഷകർ പറയുന്നു.
മാന്നാറിൽ നെല്ല് കൊയ്തെടുക്കുന്ന യന്ത്രം പ്രവർത്തിപ്പിച്ചതും ഇതര സംസ്ഥാനക്കാർ തന്നെയായിരുന്നു. നാട്ടിലെ പണികൾക്ക് ഇവിടെ ആളെ കിട്ടാനില്ലെന്നു കർഷകരും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരും അടി വരയിട്ടു പറയുന്പോളും ഒരു പണിയുമില്ലാതെ നാട്ടിൽ വെറുതെ നടക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ ചൂണ്ടികാണിക്കുന്നു.
കൂടാതെ നാട്ടുകാരെ പണിക്ക് വിളിച്ചാൽ രാവിലെ പണിക്കെത്തുന്പോൾ പത്ത് മണിയാകും. കൂടാതെ ഉച്ചയ്ക്കും ഇടയ്ക്കുള്ള വിശ്രമവും കഴിഞ്ഞാൽ പണി നീങ്ങുകയുമില്ല. ഇതേസമയം ഇതരസംസ്ഥാനക്കാർ രാവിലെ ഏഴിന് തന്നെ പണി തുടങ്ങും. കൂടാതെ ഉച്ചയൂണിന് ഉൾപെടെ അധികസമയം വിശ്രമിക്കാനും ഇവർ ഇരിക്കില്ല. ഇവരെ പണിക്ക് വിളിച്ചാൽ കൂലി കൊടുക്കുന്നവന് മുതലാകുമെന്നും കരാറുകാർ ചൂണ്ടികാണിക്കുന്നു.