വടക്കഞ്ചേരി: നിറ പദ്ധതിയുടെ ഭാഗമായ കൊയ്ത്തിനൊരു കൈതാങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ആലത്തൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായി കർഷകർക്ക് ചുരുങ്ങിയ ചിലവിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുകയാണ് കൊയ്ത്തിനൊരു കൈതാങ്ങ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം രണ്ടാം വിളകൊയ്ത്ത് ആരംഭിച്ച കോരഞ്ചിറ പാടശേഖര സമിതിയിൽ വച്ച് നടന്നു.
മണിക്കൂറിന് 1400 രൂപ നിരക്കിലാണ് കർഷകർക്ക് കൊയ്ത്ത് യന്ത്രം വാടകക്ക് എത്തിക്കുന്നത്. ഒന്നാംവിള കൊയ്ത്ത് സമയത്ത് ഇത് 1600 രൂപയായിരുന്നു വാടക,വയ്ക്കോൽ നഷ്ടപ്പെടാതെ കൊയ്തെടുക്കുന്നതിനുള്ള സംവിധാനമുള്ള യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൊണ്ട് തന്നെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ കഴിയും.
2000 മുതൽ 2600 രൂപ വരെയാണ് കൊയ്ത്ത് യന്ത്രങ്ങൾക്ക് സ്വകാര്യ ഏജൻസികൾ ഈടാക്കിയിരുന്നത്. നിറ പദ്ധതി വന്നതോടെ വാടക കുറയ്ക്കാൻ ഇവരും നിർബന്ധിതരായി. ഒന്നാം വിളകൊയ്ത്ത് സമയത്ത് നിറ പദ്ധതിയിലൂടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് നാലായിരത്തോളം മണിക്കൂർ കൊയ്ത്ത് നടത്തിയതായാണ് കണക്ക്.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ 177 പാടശേഖരങ്ങളിലായി ആറായിരത്തോളം ഹെക്ടർ നെൽ കൃഷി ഇപ്രകാരംകൊയ്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് മൂലം ഏകദേശം നാല്പത് ലക്ഷത്തോളം രൂപ കൊയ്ത്ത് യന്ത്രത്തിന്റെ വാടകയിനത്തിൽ കർഷകർക്ക് ലാഭിക്കാൻ കഴിഞ്ഞു. നിറ പദ്ധതിയിലൂടെ അല്ലെങ്കിൽ യന്ത്രത്തിന് മണിക്കൂറിന് രണ്ടായിരത്തിൽ കൂടുതൽ രൂപ വാടകയാണ് ഈടാക്കുന്നത്.
ഇത് കൊണ്ട് തന്നെ ഈ പദ്ധതിക്കെതിരെ ചില കൊയ്ത്ത് മെഷീൻ ഏജന്റുമാർ കുപ്രചാരണം നടത്തുന്നുമുണ്ട്. രണ്ടാം വിളകൊയ്ത്ത് ആരംഭിക്കുന്ന കർഷകർക്ക് 1400 രൂപ വാടകക്ക് ആവശ്യാനുസരണം കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കുമെന്ന് കെ ഡി പ്രസേനൻ എം എൽ എ പറഞ്ഞു. കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമുള്ളവർ അതത് കൃഷിഭവനുകളിലോ നിറ പദ്ധതി പ്രവർത്തകരേയോ ബന്ധപ്പെട്ടാൽ മതിയാകും.
കിഴക്കഞ്ചേരി കോരഞ്ചിറയിൽ വച്ച് നടന്ന കൊയ്ത്തിനൊരു കൈതാങ്ങ് പദ്ധതിയുടെ ഉദ്ഘാടനം കെഡി പ്രസേനൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി. എം. കലാധരൻ, കൃഷി ഓഫീസർ റോഷ്നി, എസ്. രാധാകൃഷ്ണൻ, സി. സുദേവൻ, വി. ഓമനകുട്ടൻ സംസാരിച്ചു. നിറ പദ്ധതി പ്രകാരം കൊയ്ത്ത് യന്ത്രങ്ങൾ വേണ്ടവർ പ്രവീണ് – 9447621097, ആറുണ്ണി 8606833094 നന്പറുകളിൽ ബണ്ഡപ്പെടണം.