വടക്കഞ്ചേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരുന്നതിലെ അനിശ്ചിതത്വവും നെല്ലുസംഭരണ നടപടികളിലെ മെല്ലപ്പോക്കും നെൽകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
കൊയ്ത്തുയന്ത്രത്തിലെ ഡ്രൈവർമാർക്കും സഹായികൾക്കും കോവിഡ് ടെസ്റ്റ് നടത്തുന്നത് എവിടെ വേണം എന്ന ആശയക്കുഴപ്പം ഇനിയും നീങ്ങിയിട്ടില്ല. ഇടയ്ക്കിടെ ബന്ധപ്പെട്ടവർ പലയിടത്തായി യോഗം കൂടുന്നുണ്ടെങ്കിലും ഏകീകൃത തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ചുണ്ടിക്കാട്ടുന്നത്.
കേരളത്തിലെത്തിയുള്ള ക്വാറന്ൈറൻ ഒഴിവാക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനുവരുന്ന ചെലവുകൾ ആരു വഹിക്കുമെന്നതിൽ വ്യക്തതയില്ല.
അനിശ്ചിതത്വം കൂടുന്പോൾ അതിന്റെയെല്ലാം അന്തിമമായ ആഘാതം കർഷകന്റെ തലയിൽ തന്നെയാകും. നിയന്ത്രണങ്ങൾ ലഘൂകരിച്ച് കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇവിടുത്തെ നെല്ല് മുഴുവൻ നശിക്കുന്ന സ്ഥിതിയുമുണ്ടാകും.
സർക്കാർ കാര്യം മുറപോലെ എന്ന മട്ടിൽ കാര്യങ്ങൾ ഇഴഞ്ഞാൽ നഷ്ടം മുഴുവൻ തങ്ങൾക്ക് തന്നെയാകുമെന്ന സങ്കടമാണ് പാടശേഖരസമിതി ഭാരവാഹികൾ പങ്കുവയ്ക്കുന്നത്. ഈമാസം ഒടുവോടെ അയൽസംസ്ഥാനങ്ങളിലും കൊയ്ത്ത് തുടങ്ങും.
പിന്നെ യന്ത്രങ്ങൻ കിട്ടാനില്ലാത്ത സ്ഥിതി വരും. ഇതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് കൊയ്ത്തുയന്ത്ര ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹിയായ കിഴക്കഞ്ചേരി ഹരിദാസ് പറഞ്ഞു.
ഇതിനിടെ ചെക്ക് പോസ്റ്റുകൾ കടന്ന് തമിഴ്നാട്ടിൽ നിന്നുള്ള കൊ യ്ത്തു യന്ത്രങ്ങൾ വടക്കഞ്ചേരി ഭാഗങ്ങളിൽ എത്തുന്നുണ്ട്. ഏത് മാനദണ്ഡപ്രകാരമാണ് യന്ത്രങ്ങൾ എത്തുന്നതെന്ന് വ്യക്തമല്ല.
കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്നതു സംബന്ധിച്ച് ഇനിയും ശരിയായ ഗൈഡ് ലൈൻ ലഭിച്ചിട്ടില്ലെന്ന് വടക്കഞ്ചേരി കൃഷി ഓഫീസർ റാണി ഉണ്ണിത്താൻ പറഞ്ഞു.
ഏജന്റുമാരുടെ പേരും വിലാസവും ശേഖരിച്ച് അയച്ചുതരാനാണ് മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളതെന്നും മറ്റു കാര്യങ്ങളിൽ തീരുമാനം വരേണ്ടതുണ്ടെന്നും അവർ അറിയിച്ചു.
മുന്പത്തേതുപോലെ നെല്ലുസംഭരണ നടപടികളും സ്വകാര്യ മില്ലുക്കാരെ സഹായിക്കുന്നവിധം ഇക്കുറിയും മെല്ലേപോക്കിൽ തന്നെയാണെന്നാണ് കർഷകർ പരാതി പറയുന്നത്. പ്രഖ്യാപനങ്ങളിലുണ്ട് പ്രയോഗിക നടപടികളിലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.