കോട്ടയം: കോട്ടയം നഗരസഭയുടെ കൈവശമുള്ള കൊയ്ത്തുമെതി യന്ത്രങ്ങൾ കാടുകയറി നശിക്കുന്നു. നാളുകൾക്കുമുന്പാണ് നഗരസഭയുടെ മുന്പിൽ കിടന്നിരുന്ന കൊയ്ത്തുമെതിയന്ത്രങ്ങൾ നാട്ടകം പിഎച്ച്എസിക്കു പിന്നിലുള്ള സ്ഥലത്തേക്ക് അധികൃതർ മാറ്റിയത്.
ഇപ്പോൾ പ്രദേശം മുഴുവൻ കാടുകയറി യന്ത്രങ്ങൾ കാണാത്ത രീതിയിൽ മൂടിയിരിക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങൾ മഴയും വെയിലുമേറ്റ് കാടുകയറി നശിക്കുകയാണ്.
വർഷങ്ങൾക്കുമുന്പ് നാട്ടകം പഞ്ചായത്ത് പ്രദേശത്തെ കർഷകർക്ക് കൂലി കുറച്ച് നെല്ല് കൊയ്തെടുക്കുന്നതിനായി വാങ്ങിയ മെഷീനുകൾ പഞ്ചായത്ത് നഗരസഭയിൽ ലയിപ്പിച്ചതോടെ നഗരസഭയുടെ കൈവശമായി.
പഴയ നാട്ടകം പഞ്ചായത്ത് ഓഫീസിനു സമീപം സൂക്ഷിച്ചിരുന്ന മെഷീനുകൾ കർഷകർക്ക് നൽകണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളും യുവജന സംഘടനകളും പല തവണ നഗരസഭയുടെ മുന്പിൽ സമരം നടത്തിയിരുന്നു.
ഉടൻ മെഷീനുകൾ നന്നാക്കി കർഷകർക്ക് ഉപയോഗിക്കുന്നതിനായി നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും മെഷീൻ നന്നാക്കുന്നതിനായി ഒരു നടപടിയും സ്വീകരിച്ചില്ല.
മെഷീൻ കേടായതോടെ നാട്ടകം പിഎച്ച്എസിക്കു പുറകിലുള്ള പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ മെഷീൻ കാടുപിടിച്ച് മഴനനഞ്ഞുനശിച്ച് ഉപയോഗ ശൂന്യമായിരിക്കുകയാണ്. നാട്ടകം പ്രദേശത്തെ കർഷകർക്ക് മിതമായ നിരക്കിൽ നെല്ല് കൊയ്തെടുക്കാനായിട്ടാണ് യന്ത്രങ്ങൾ വാങ്ങിയത്.
നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ ധാരാളം കർഷകർ നെൽകൃഷി ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൂടുതൽ പേർ നെൽകൃഷിയിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. മണിക്കൂറിനു 5000 രൂപ നൽകിയാണ് കർഷകർ പുറത്തു നിന്നുള്ള യന്ത്രങ്ങൾ എത്തിച്ച് ഇപ്പോൾ കൊയ്ത്തു നടത്തുന്നത്്.
വായ്പയെടുത്തും പലിശയ്ക്കു കടം വാങ്ങിയും നെൽകൃഷിയിറക്കിയ പാവപ്പെട്ട കർഷകർക്ക് ഈ യന്ത്രം ലഭിക്കുകയാണെങ്കിൽ വളരെ ആശ്വാസമാകുകയും പണം നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.
കൊയ്ത്തുമെതിയന്ത്രം ഉടൻ നന്നാക്കി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റണമെന്നും അതു പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.