വടക്കഞ്ചേരി: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയും നെൽകർഷകരെ ആശങ്കയിലാക്കുന്നു. കരപാടങ്ങളെല്ലാം കൊയ്യാൻ പാകമായി.
എന്നാൽ കൊയ്ത്തുയന്ത്രം എത്താത്തതും മഴ തുടരുന്നതും കർഷകരെ വലിയ വിഷമത്തിലാക്കിയിരിക്കുകയാണ്. കൊയ്ത്ത് വൈകിയാൽ മഴയിൽ നെല്ലുമുളച്ച് നശിക്കുമെന്ന് കർഷകർ പറയുന്നു.
മഴ കൂടുതൽ ശക്തമായാൽ പാടങ്ങളിൽ വെള്ളം പൊങ്ങി നെല്ല് വീഴും. പിന്നെ യന്ത്രകൊയ്ത്ത് നടക്കില്ല. കൊയ്ത്തിന് തൊഴിലാളികളില്ലാത്തതിനാൽ നെല്ല് നശിച്ചുപോകുന്ന ദയനീയ കാഴ്ചയുണ്ടാകുമെന്ന് പരുവാശേരി പാടശേഖര സമിതി പ്രസിഡന്റ് കൃഷ്ണൻ പറഞ്ഞു.
ഇക്കുറി തുടർച്ചയായി മഴയില്ലാതെ വെയിലും മഴയിലും ഇടവിട്ട് ഉണ്ടായതിനാൽ പാടങ്ങളിൽ വലിയതോതിൽ കള നിറയുന്ന സ്ഥിതിയുണ്ടായിരുന്നു. കളപറിക്കാൻ തന്നെ വലിയൊരു തുക കർഷകർ ചെലവഴിച്ചു.
ഇതിനിടെയാണ് കൊയ്ത്തുയന്ത്രങ്ങൾകൊണ്ട് വരുന്നതിനുള്ള നിബന്ധനകൾ കോവിഡ് പശ്ചാത്തലത്തിൽ കടുപ്പിച്ചിട്ടുള്ളത്.കൊയ്ത്തുയന്ത്രങ്ങളുടെ ഡ്രൈവർമാരും സഹായികളും കേരളത്തിലെത്തി 14 ദിവസം ക്വാറന്ൈറനിൽ കഴിയണമെന്ന വ്യവസ്ഥ അധിക ബാധ്യത വരുത്തിവയ്ക്കുമെന്നാണ് കർഷകർ പറയുന്നത്.
പതിനാലുദിവസത്തെ മുറിവാടകയും ഭക്ഷണത്തിന്റെയും എല്ലാചെലവുകൾ ഏജന്റ് വഹിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെയെല്ലാം അന്തിമമായ ആഘാതം കർഷകന്റെ തലയിൽ തന്നെയാണ് പതിക്കുക.
കൊയ്ത്തുയന്ത്രത്തിന്റെ വാടക കൂട്ടാതെ ഏജന്റുമാർക്കും ചെലവ് കണ്ടെത്താൻ മറ്റുവഴികളുണ്ടാകില്ല. കഴിഞ്ഞ സീസണിൽ മണിക്കൂറിന് 2000 രൂപ വാടകയുണ്ടായിരുന്നത് ഇപ്പോൾ മണിക്കൂറിന് 2400 മുതൽ 2500 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ കുറുവായ്, പല്ലാറോഡ് പാടങ്ങളിൽ തൃശൂരിൽ നിന്നെത്തിയ കൊയ്ത്തുയന്ത്രങ്ങൾ ഈ ഉയർന്ന വാടകയ്ക്കാണ് കൊയ്ത്ത് നടത്തിയത്.
ക്വാറന്റൈൻ പ്രശ്നങ്ങളില്ലാത്ത തൃശൂരിൽനിന്നുള്ള കൊയ്ത്ത് യന്ത്രങ്ങൾ കൂടിയ വാടക ഈടാക്കുന്ന സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള യന്ത്രങ്ങളുടെ വാടക പിന്നെയും ഉയരുമോയെന്ന ആശങ്ക കർഷകർക്കുണ്ട്.
പതിവുപോലെ സപ്ലൈകോയുടെ നെല്ലുസംഭരണ നടപടികൾ വൈകുന്നതും മഴയും ഇക്കുറിയും കൃഷി നഷ്ടകച്ചവടമാകുമെന്നാണ് കർഷകർ വിലയിരുത്തുന്നത്.
നെല്ലുസംഭരണം തുടങ്ങാൻ ഇനിയും ഒരുമാസത്തോളം കാലതാമസം വരുമെന്നതിനാൽ കിട്ടിയ വിലക്ക് നെല്ല് സ്വകാര്യമില്ലുക്കാർക്ക് വില്ക്കേണ്ടി വരും.
സംഭരണവിലയേക്കാൾ 11.45 രൂപ കുറച്ചാണ് സ്വകാര്യമില്ലുകാർ നെല്ലെടുക്കുന്നത്. സംഭരണവില 27.45 രൂപയുള്ളപ്പോഴാണ് സ്വകാര്യമില്ലുക്കാരുടെ ഈ കർഷക ചൂഷണം നടക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുക്കാർക്കെല്ലാം മതിയായ സ്റ്റോക്ക് ആകുന്പോഴാണ് സപ്ലൈകോ നെല്ലുസംഭരണം തുടങ്ങുക. കഴിഞ്ഞ കുറച്ചുവർഷങ്ങളായി തുടരുന്ന സ്ഥിതിയാണിതെന്ന് കർഷകർ പറയുന്നു.
കേരളത്തിൽ കൊയ്ത്ത് യന്ത്രങ്ങൾ പരിമിതമായ എണ്ണം മാത്രമുള്ളതിനാൽ അയൽസംസ്ഥാനങ്ങളിൽനിന്നും യന്ത്രങ്ങൾ എത്തിയില്ലെങ്കിൽ കേരളത്തിൽ ഒന്നാംവിള കൊയ്ത്ത് നടക്കില്ല.
ഇതിനാൽ കോവിഡ് പ്രോട്ടോകോളിൽ ഏതെല്ലാം ഇളവുകൾ നല്കാൻ കഴിയുമെന്ന് പരിശോധിച്ച് അയൽസംസ്ഥാനങ്ങളിൽനിന്നും കൊയ്ത്തുയന്ത്രം എത്തിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കർഷകർക്ക് വരുന്ന അധിക ബാധ്യത കൃഷിവകുപ്പ് അനുവദിക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവയ്ക്കുന്നു.