കൊല്ലം : തേവലക്കരയിലെ ചോലയില്‍ പാടശേഖരത്തില്‍ വീണ്ടും നെല്‍ക്കൊയ്ത്ത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് തരിശായി കിടന്ന രണ്ട് ഹെക്ടറില്‍ വിത്തിറക്കിയത്. പാകമായ കതിരുകള്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊയ്തെടുത്തു. അയ്യന്‍കോയിക്കല്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും എന്‍.എസ.്എസ് വോളന്റിയേഴ്സും നാട്ടുകാരും ചേര്‍ന്നാണ് കൊയ്ത്ത് ഉത്സവമാക്കിയത്.
കൊയ്ത്തിന്റെ അനുഭവപാഠങ്ങളിലേക്ക് പുതുതലമുറയെ കൊണ്ടുവരുന്നതിന് കൂടി സഹായകമായി നെല്‍ക്കൊയ്ത്ത്. ആത്മ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട പത്തുപേരടങ്ങിയ സംഘം ഉമ ഇനത്തില്‍പ്പെട്ട വിത്തിറക്കി തുടങ്ങിയ കൃഷി നൂറുമേനിയാണ് വിളഞ്ഞത്. വിത്തും കൂലിച്ചിലവും വഹിച്ചത് ഗ്രാമപഞ്ചായത്ത്. കീട നിയന്ത്രണത്തിനായുള്ള മരുന്നുകള്‍ കൃഷിവകുപ്പ് ലഭ്യമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ശിഹാബ്, ജില്ലാപഞ്ചായത്ത് അംഗം സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുംതാസ്, മറ്റ് അംഗങ്ങള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ്കുമാര്‍, കൃഷി ഓഫീസര്‍ ബിനീഷ, എന്‍.എസ.്എസ.് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.