ശാസ്താംകോട്ട: 16 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു. ശാസ്താംകോട്ട കെ എസ് ആർ ടി സി ഡിപ്പോയിലാണ് ഇപ്പോൾ കൊയ്ത്ത് മെതിയന്ത്രം കിടന്ന് നശിക്കുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ച് ചേലൂർ പുഞ്ചയിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പിന് വേണ്ടിയായിരുന്നു പഞ്ചാബിൽ നിന്നും യന്ത്രം വാങ്ങിയത്. എന്നാൽ ഇവിടുത്തെ സാഹചര്യത്തിൽ കൊയ്ത്ത് നടത്താൻ ഈ യന്ത്രം കൊണ്ട് സാധിച്ചിരുന്നില്ല. മാത്രവുമല്ല ചേലൂർ പുഞ്ചയിലെ നെൽകൃഷി നിലയ്ക്കുകയും ചെയ്തതോടെ യന്ത്രം ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടു വന്നിടുകയായിരുന്നു.
സമീപകാലത്ത് പഞ്ചായത്ത് ഓഫീസ് നവീകരണം നടത്തിയപ്പോൾ കൊയ്ത്ത് യന്ത്രം കെ എസ് ആർ ടി സി ഡിപ്പോയുടെ സ്ഥലത്ത് കൊണ്ടു വന്നിടുകയുമായിരുന്നു. ഇപ്പോൾ വെയിലും മഴയും ഏറ്റ് യന്ത്രം തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുകയാണ്.
കാർഷിക മേഖലയിൽ ആധുനികവൽക്കരണം ഏർപ്പെടുത്തുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഗ്രാമ പഞ്ചായത്തുകളും കൊയ്ത്ത് മെതിയന്ത്രം, ട്രാക്ടർ .ടില്ലർ തുടങ്ങിയവ വാങ്ങി കൂട്ടിയതിന്റെ ഭാഗമായാണ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും ഇത്തരത്തിലുള്ള കാർഷികയന്ത്രങ്ങൾ വാങ്ങിയത്.ഇവയൊക്കെയും പല സ്ഥലത്തും കിടന്ന് നശിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.