കടുത്തുരുത്തി: പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി വാങ്ങിയ കൊയ്ത്തുമെതി യന്ത്രം കട്ടപ്പുറത്ത്. കൊയ്ത്തിന് കർഷകർക്ക് ആശ്രയം ഇതര സംസ്ഥാന തൊഴിലാളികൾ. യന്ത്രത്തിന്റെ തകരാർ പരിഹരിക്കാൻ തയാറാവാതെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പരസ്പരം പഴി ചാരുന്നു. കൃഷി ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കൈയൊഴിഞ്ഞതോടെ വെട്ടിലായത് കർഷകർ.
യന്ത്രമില്ലാതായതോടെ കർഷകർ കൊയ്ത്ത് നടത്താൻ പാടത്ത് ബംഗാളികളെ ഇറക്കി. മഴയെ പേടിച്ച് അധികപണം നൽകി സ്വകാര്യ കൊയ്ത്തുമെതിയന്ത്രവും വിളിച്ചാണ് കർഷകർ കൊയ്ത്ത് നടത്തുന്നത്. മുളക്കുളം പഞ്ചായത്തിലെ കൊയ്ത്ത് യന്ത്രമാണ് നിസാര തകരാറുകളുടെ പേരിൽ കാലങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം കൊയ്ത്ത് യന്ത്രം വേണമെന്ന് ആവശ്യപ്പെട്ട് കൃഷി ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും കർഷകർ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് കൊയ്ത്തിന് സമയമായപ്പോൾ യന്ത്രത്തിനായി സെക്രട്ടറിയെ സമീപിച്ച കർഷകരോട് ഏല്ലാം കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കർഷകർ കൃഷി ഓഫീസറെ സമീപിച്ചപ്പോൾ തങ്ങൾക്കൊന്നും അറിയില്ലെന്നും യന്ത്രം നന്നാക്കാൻ ഫണ്ടില്ലെന്നുമായിരുന്നു കൃഷി ഓഫീസറുടെ മറുപടി. കൊയ്ത്ത് യന്ത്രം ഇല്ലാത്തതിനാൽ കർഷകർ ഏക്കറിന് പതിനയ്യായിരത്തോളം രൂപ ബംഗാളികൾക്ക് നൽകിയാണ് നെല്ല് കൊയ്ത് മെതിച്ചെടുക്കുന്നത്.
പഞ്ചായത്തിന്റെ യന്ത്രം ഉപയോഗിച്ചു കൊയ്താൽ മണിക്കൂറിന് 1,600 രുപ നൽകിയാൽ മതി. ഒരേക്കർ കൊയ്യാൻ ഏകദേശം രണ്ട് മണിക്കൂർ സമയം മതി. ഇതിന് 3,200 രൂപയോളമെ ചെലവാകു. സ്വാകാര്യ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് രണ്ടായിരം മുതൽ 2,200 രുപ വരെയാണ് ഈടാക്കുന്നത്. മുളക്കുളം പഞ്ചായത്തിൽ ആയിരത്തോളം ഏക്കർ സ്ഥലത്ത് നെൽക്കൃഷി ചെയ്തിട്ടുണ്ട്. ഇതിൽ നൂറ് ഏക്കറോളം ഇപ്പോൾ കൊയ്ത്തിന് പാകമായി കിടക്കുകയാണ്. കൊയ്ത്തുയന്ത്രം നന്നാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇടയാറ്റ് പാടശേഖര സമിതി പ്രസിഡന്റ് കെ.കൈലാസനാഥും സെക്രട്ടറി ബൈജു ചെത്തുകുന്നേലും ആവശ്യപ്പെട്ടു.