കുന്നംകുളം: ലോറിയിൽ കൊണ്ടുപോകുകയായിരുന്ന കൊയ്ത്ത് യന്ത്രം പുറത്തേക്ക് മറിഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് വീണ് രണ്ടുപേർക്കു പരിക്കേറ്റു. കാവീട് ഒലക്കേങ്കൽ അൽഫോൻസ ബൈജു, ബസ് ഡ്രൈവർ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നുരാവിലെ എട്ടോടെ ചാട്ടുകുളത്തുവച്ചായിരുന്നു അപകടം. പൊള്ളാച്ചിയിൽ നിന്ന് വലിയ ലോറിയിൽ മുല്ലശേരി ഭാഗത്തേക്ക് കൊയ്ത്തിനായി കൊണ്ടുവരികയായിരുന്നു കൊയ്ത്തുമെതി യന്ത്രം. ഇതിനിടെ ചാട്ടുകുളം തിരിവിൽവച്ച് ലോറിയിൽനിന്ന് നിരങ്ങി പുറത്തേക്ക് മറിയുകയായിരുന്നു.
ഈ സമയം ഇതുവഴി വന്നിരുന്ന സ്വകാര്യബസിലേക്കാണ് യന്ത്രം മറിഞ്ഞത്. ബസിലെ ഏതാനും പേർക്ക് നിസാര പരിക്കുണ്ട്. ഇതുവഴി ഗുരുവായൂർ ഭാഗത്തേക്കുള്ളഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. കുന്നംകുളത്തുനിന്നും ക്രെയിൻ കൊണ്ടുവന്ന് യന്ത്രം റോഡിൽ നിന്നു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.