കുമരകം: മെത്രാൻ കായലിൽ എട്ടുവർഷങ്ങൾക്കുശേഷം വളവും കീടനാശിനിയും ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച നെല്ലിനു പൊന്നും വിലനൽകി സ്വന്തമാക്കാൻ സ്വകാര്യ വ്യക്തികൾ എത്തിതുടങ്ങി. ക്വിന്റലിനു 3000രൂപയ്ക്കാണ് സ്വകാര്യ വ്യക്തികൾ മെത്രാൻ കായലിലെ നെല്ലിനു കച്ചവടം ഉറപ്പിച്ചത്. കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കാത്ത നെല്ല് ഓയിൽ പാം ഇന്ത്യയുടെ മില്ലിൽ സംസ്കരിച്ച മെത്രാൻ കായൽ ബ്രാൻഡായി വിപണിയിലെത്തിക്കാനുള്ള സർക്കാർ ശ്രമത്തിനൊടുവിലാണ് സ്വകാര്യവ്യക്തികൾ നെല്ലുവാങ്ങാനെത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ കൊയ്തെടുത്ത 15ഏക്കറിലെ നെല്ല് ഓയിൽ പാം ഇന്ത്യയുടെ മില്ലിൽ എത്തിച്ചിരുന്നു. കൊയ്ത്തുയന്ത്രം പാടത്തു താഴ്ന്നുപോയതിനാൽ തൊഴിലാളികളെക്കൊണ്ട് കൊയ്ത്തു നടത്തിയ ചെങ്ങളം കുഴിയിൽ കരുണാകരന്റെ അഞ്ചേക്കറിൽ 20ക്വിന്റൽ 30കിലോ നെല്ല് വീതം വിളവുലഭിച്ചു. കൊയ്ത്തു മെഷീൻ ഉപയോഗിച്ചു കൊയ്ത രാജുവിന്റെ 10 ഏക്കറിൽ നിന്നും 200ക്വിന്റൽ നെല്ല് ലഭിച്ചു.
ഈ നെല്ലിന് സർക്കാർ പ്രഖ്യാപിച്ച സംഭരണവിലയായ 2250 രൂപാ കർഷകനു ലഭിക്കും. ഇപ്പോൾ രണ്ടാംഘട്ട കൊയ്ത്ത് നടത്തുന്നതിന് ആറു കൊയ്ത്ത് യന്ത്രങ്ങൾ കായലിൽ എത്തിയിട്ടുണ്ട്. വേനൽമഴ മാറിയതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചു തന്നെ വിളവെടുപ്പ് സുഗമമായി നടന്നുവരികയാണ്. രണ്ടാം ഘട്ടത്തിൽ 60 ഏക്കറിലാണ് കൊയ്ത്ത് നടക്കുന്നത്.
ഇതു അവസാനിക്കുന്നതോടെ ശേഷിക്കുന്ന ഭാഗങ്ങളും വിളവെടുപ്പിനു പാകമാകുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്. 400 ഏക്കറുള്ള മെത്രാൻ കായലിൽ 300 ഏക്കറിലാണ് എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കൃഷി ഇറക്കിയിരിക്കുന്നത്.