സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: ഇരുനൂറേക്കറോളം വരുന്ന പാടത്തെ നെല്ല് കൊയ്തിട്ടത് എടുക്കാൻ സർക്കാരും സർക്കാർ ഏജൻസികളും തയ്യാറാവാത്തതു മൂലം കർഷകർ ദുരിതത്തിൽ.
വടക്കാഞ്ചേരി എങ്കക്കാട് കിഴക്കുപടിഞ്ഞാറ് പാടശേഖര സമിതിയാണ് കൊയ്ത നെല്ല് എടുക്കാൻ സർക്കാർ തയ്യാറാവാത്തതു മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. സർക്കാരും സപ്ലൈകോയും കൃഷിവകുപ്പും നെല്ലെടുക്കാൻ തയ്യാറല്ലെന്നാണ് കർഷകരെ അറിയിച്ചിരിക്കുന്നത്.
നെല്ലെടുക്കാൻ പറ്റിയ സാഹചര്യമല്ലെന്നാണ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ കർഷകർക്കു കിട്ടിയ മറുപടി. ഓണത്തിന് മുൻപു കൊയ്യേണ്ട നെല്ലാണ് ഇപ്പോൾ കൊയ്തിരിക്കുന്നത്.
തൊഴിലാളികളെ കിട്ടാനില്ലാത്തതു മൂലം കൊയ്ത്തുയന്ത്രം ഉപയോഗിച്ചായിരുന്നു കൊയ്ത്ത്. സ്വകാര്യ പണമിടപാടുകാരിൽ നിന്നും മറ്റും വായ്പയെടുത്താണ് കർഷകർ കൃഷിയിറക്കിയത്.
സർക്കാർ കയ്യൊഴിഞ്ഞതോടെ കുറഞ്ഞ വിലയ്ക്ക് നെല്ലെടുക്കാൻ കാത്തുനിൽക്കുന്ന സ്വകാര്യ വ്യക്തികളെ തന്നെ ഗതിയില്ലാതെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
ഇടവിട്ട് മഴ പെയ്യുന്നതിനാൽ കൊയ്തിട്ട നെല്ല് അധികം വെച്ചുകൊണ്ടിരിക്കാനും കഴിയില്ലെന്നും നെല്ല് സൂക്ഷിച്ചുവെക്കാൻ ഇടമില്ലാത്തതും വലിയ പ്രശ്നമാണെന്നും സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും യുവകർഷകനായ ലാസർ മങ്കര പറഞ്ഞു.